പെർമിറ്റ് ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്ന റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.
കോൺട്രാക്ട കാര്യജ് മാതൃകയിലാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഇത്തവണ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് വേണ്ടി മാത്രമാണ് സർവീസ്. പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നവംബർ 23ന് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു. പിഴ അടച്ചതിന് തുടർന്ന് കോടതി മുഖേനേ ബസ് വിട്ടുനിൽക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പൊലീസ് എംവിഡിക്ക് സുരക്ഷ നൽകണമെന്നും ബസ് വിട്ടുനൽകിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു.
അതേസമയം എം വി ഡി യുടെ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.
