വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു: ശരീരഭാഗങ്ങൾ പാതി ഭക്ഷിച്ച നിലയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റർ ദൂരത്തിനുള്ളിൽ വനപ്രദേശമാണ്. കടുവയുടെ ആക്രമണമാണെന്നാണ് സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രദേശത്ത് എത്തും. രണ്ടുദിവസം മുമ്പ് കടുവയുടെ സാന്നിധ്യം കണ്ടതിനെത്തുടർന്ന് പ്രദേശത്തെ ജനങ്ങൾ നേരത്തെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. തോട്ടം തൊഴിലാളികളും ക്ഷീരകർഷകരും കൂടുതലായുള്ള പ്രദേശത്ത് നിരവധി പേര്‌ കടുവയെ നേരിൽക്കണ്ടിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇവർ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ് ഈ ദാരുണസംഭവം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page