കണ്ണൂർ: ബൈക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിൽ സ്വദേശി ജിഷ്ണുവാ(23)ണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 12.30 ഓടെ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ച് ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി സ്വകാര്യ ബസിൽ കണ്ടക്ടർ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഓലയമ്പാടിയിലെ ബൈജുവിൻ്റെ മകനാണ്.
സീമയാണ് മാതാവ്. ജിതിൻ, ജിബിൻ എന്നിവർ സഹോദരങ്ങളാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ചു ഉച്ചക്ക് സംസ്കാരം നടത്തും.







