നായയെ ലിഫ്റ്റില്‍ കയറ്റി; യുവതിയുടെ മുഖത്തടിച്ച് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, ആദ്യം വാക്കേറ്റം, പിന്നാലെ തല്ലുമാല

ന്യൂഡല്‍ഹി: നോയിഡയിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തി. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള 108 ലെ പാര്‍ക്ക് ലോറേറ്റ് സൊസൈറ്റിയിലാണ് സംഭവം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സ്ത്രീകളും തമ്മിലായിരുന്നു തര്‍ക്കം. വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതിനെച്ചൊല്ലി ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട് ഇരുകൂട്ടരും അക്രമാസക്തരാവുകയായിരുന്നു. രണ്ട് സ്ത്രീകള്‍ അവരുടെ വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറിയത് കണ്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ലിഫ്റ്റ് നിര്‍ത്തി അവരോട് നായയുമായി ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ലിഫ്റ്റിന്റെ വാതില്‍ അടയ്ക്കാനും അനുവദിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. ശേഷം സ്ത്രീകളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതോടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ തിരിച്ച് സ്ത്രീകളുടെ ദൃശ്യങ്ങളും പകര്‍ത്തി. സ്ത്രീകളിലൊരാള്‍ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പിന്നെ ഉന്തും തള്ളുമായി. അഞ്ച് മിനിട്ടോളം തര്‍ക്കവും കയ്യാങ്കളിയും നീണ്ടുനിന്നു. അതിനിടെ സ്ത്രീകളിലൊരാളുടെ ഭര്‍ത്താവെത്തി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ബഹളം കേട്ട് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. അപാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനെ യുവാവില്‍ നിന്ന് രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസും സ്ഥലത്തെത്തി. എന്നാല്‍ കേസെടുക്കരുതെന്ന് ഇരു കൂട്ടരും രേഖാമൂലം പൊലീസിന് എഴുതി നല്‍കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page