വെള്ളക്കെട്ടിന് ശമനമില്ല;കഴക്കൂട്ടം ടെക്നോ പാർക്കിലെ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി;തിരുവനന്തപുരത്ത് ഖനനത്തിനും നിയന്ത്രണം

തിരുവനന്തപുരം:വെള്ളപ്പൊക്കത്തെ തുടർന്ന് ടെക്നോ പാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടം മേഖലയിലെ ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ അടച്ചിട്ടു. മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി. സബ് സ്റ്റേഷന് സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ് സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ് സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള , യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്നും ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.മറ്റ് മാർഗ്ഗങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.വൈദ്യുതി വിതരണം നിലച്ചതോടെ ടെക്നോ പാർക്കിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെട്ടു.പല സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.തിരുവനന്തപുരത്ത് പലമേഖലയിലും വെള്ളക്കെട്ട് തുടരുകയാണ്.നെയ്യാർ അണക്കെട്ടിന്‍റെ നാലു ഷട്ടറുകളും 280 സെന്‍റീമിറ്റർ വീതം ഉയർത്തി. ആകെ 400 സെന്‍റീമീറ്റർ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ച് ഉത്തരവായി.കടലോര,മലയോര,തീരദേശ മേഖലകളിലേക്ക് അവശ്യ സർവ്വീസ് ഒഴികെയുള്ള യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page