ടെല്‍ അവീവ്: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിലെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. തത്സമയ വീഡിയോ സിഗ്‌നല്‍ നല്‍കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട ഇസാം അബ്ദുള്ള. ആക്രമണത്തില്‍ എഎഫ്പിയുടെയും അല്‍ ജസീറയുടെയും ലേഖകരുള്‍പ്പെടെ നാലുമാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ക്യാമറാമാന്‍ എലി ബ്രാഖ്യയും റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദറും പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നുവെന്ന് അല്‍ ജസീറയും സ്ഥിരീകരിച്ചു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ ആറ് മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ സയീദ് അല്‍ തവീല്‍, മുഹമ്മദ് സുബ്, ഹിഷാം അല്‍ന്‍വാജ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.