ക്ഷേത്രത്തിലെ വഴിപാട് രശീത് തുണയായി; ആറ് മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞു; കേരളാ പൊലീസ് ഇടപെടൽ വഴിയൊരുക്കിയത് ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം

കാസർകോട്: ആറ് മാസം മുൻപ് ട്രെയിൻ തട്ടി  മരിച്ച അജ്ഞാതനെ കീറിയ വഴിപാട് രസീത് പിൻതുടർന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ച് കാസർകോട് മേൽപറമ്പ് പൊലീസ്.കർണാടക സ്വദേശിയായ ഈശ്വരയാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ട്രയിൻ തട്ടി മരിച്ചത്. ചിതറിതെറിച്ച ശരീരാവശിഷ്ടങ്ങളുടെ ഭാഗങ്ങൾ മാത്രമാണ് പൊലീസ് കണ്ടെടുത്തത്.സ്ഥലത്തു നിന്നും ആകെ തെളിവായി കിട്ടിയത് പഴകി ദ്രവിച്ച് കീറിയ  കർണാടക കാർക്കള സിറ്റി നഴ്സിംഗ് ഹോമിലെ  ടിക്കറ്റും, ഒരു വർഷം മുൻപത്തെ വ്യക്തമല്ലാത്ത  വഴിപാട് രസീതും മാത്രമായിരുന്നു. കാർക്കള  പോലീസ് സ്റ്റേഷനിലും നഴ്സിംഗ് ഹോമിലും  പൊലീസ്  അന്വേഷിച്ചെങ്കിലും  വിവരം കിട്ടിയില്ല.

തിരിച്ചറിയാത്ത കേസുകളിൽ ആറ് മാസത്തിന് ശേഷം അന്വേഷണ നടപടികൾ അവസാനിപ്പിക്കാനുള്ളതിനാൽ  അവസാന ശ്രമമെന്ന നിലയിൽ കീറിപ്പറഞ്ഞ വഴിപാട് രശീതിയിൽ  കണ്ട പൂർണമല്ലാത്ത ഒരു ഫോൺ നമ്പരിൽ അവസാന അക്കങ്ങൾ  മാറ്റി മാറ്റി  പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്ത്  വിളിച്ചപ്പോൾ അത് കർണാടകയിലെ  ഒരു കൃഷ്ണ ക്ഷേത്രത്തിലെ നമ്പരാണെന്ന് വ്യക്തമായി. കന്നട അറിയാവുന്ന രജീഷ് എന്ന പോലീസുകാരന്‍റെ സഹായത്തോടെ വിളിച്ച്  കാണാതായവരുടെ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ്  ഈശ്വര എന്നയാളുടെ വിവരം അറിഞ്ഞത്.അതിന്‍റെ അടിസ്ഥാനത്തിൽ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു.

ഈശ്വരയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം മേല്പറമ്പ പോലീസ് സ്റ്റേഷനിലെത്തി, അടയാള വിവരങ്ങൾ കൈമാറി മരിച്ചത് ഈശ്വരയാണെന്ന് ഉറപ്പിച്ചു. തുടർന്ന്  പോലീസുകാരോടൊപ്പം ബന്ധുക്കൾ ഈശ്വരയുടെ മൃതദേഹം സംസ്കരിച്ച നുള്ളിപ്പാടി ശ്മശാനത്തിൽ ചെന്ന് അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തു. ശ്മശാനം കാടുമൂടികിടന്നിരുന്നെങ്കിലും ഗൂഗിൾ മാപ്പിന്റെ സഹായത്താൽ പോലീസുകാർ നേരത്തേ ലൊക്കേഷൻ സേവ് ചെയ്തു  വെച്ചതിനാൽ  സംസ്കരിച്ച കൃത്യമായ സ്ഥലം കണ്ടെത്താനും കഴിഞ്ഞു.കേരളാ പൊലീസിന് നന്ദി പറഞ്ഞാണ് ഈശ്വരയുടെ ബന്ധുക്കൾ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page