വെബ്ബ് ഡെസ്ക്: സെപ്റ്റംബർ 29 ഹൃദയ ദിനമായി ലോകം ആചരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും, മരണ കാരണമായേക്കാവുന്ന അപകട ഘടകങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ഹൃദയം തന്നെ ആണെന്ന് നിസംശയം പറയാം. അതിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് എല്ലാ ദിവസവും വ്യായാമം ചെയ്യുകയും പോഷകം നിറഞ്ഞ ആഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
2023-ലെ ലോക ഹൃദയ ദിനത്തിന്റെ സന്ദേശം “ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക” എന്നതാണ്. ഹൃദയ ഇമോജി ഉപയോഗിക്കുക എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആളുകളുടെ ശ്രദ്ധ നിലനിർത്താനും ഭാഷാ തടസ്സങ്ങളെ മറികടക്കാനും സഹായിക്കുന്ന ആശയവിനിമയത്തിന്റെ ഏറ്റവും ജനപ്രിയമായ രൂപങ്ങളിലൊന്നാണ് ഇമോജികൾ എന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ പരാമർശം. ഈ ക്യാംപെയ്ൻ ഹൃദയത്തെ അറിയുക എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം നമുക്ക് അറിയാവുന്നതിനെ മാത്രമേ നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയുള്ളു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അറിവ് പരിമിതവും ചികിത്സകള്‍ പല തരത്തിലും ഉള്ളതും ആകുമ്പോൾ, തടസ്സങ്ങൾ തകർത്ത് വ്യക്തികളെ അവരുടെ ക്ഷേമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശാക്തീകരിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഹൃദയത്തെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ഹൃദയത്തെ കൂടുതൽ നന്നായി ശ്രദ്ധിക്കാനാകും.
ഹൃദ്രോഗസാധ്യത വിലയിരുത്താൻ വ്യക്തികളെ സഹായിക്കുന്ന സൗജന്യമായതോ ചിലവ് കുറഞ്ഞതോ ആയ ഹൃദ്രോഗ പരിശോധനകൾ ചില ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ പ്രായമായവരില്‍ മാത്രം കണ്ടിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്.ഹൃദയത്തിലേക്ക് രക്തവും ഓക്‌സിജനും അയക്കുന്ന ധമനികൾ തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. കൊഴുപ്പ്, കൊളസ്‌ട്രോൾ അടങ്ങിയ നിക്ഷേപങ്ങളാണ് തടസ്സം സൃഷ്ടിക്കുന്നത്. നേരത്തെയുള്ള ചികിത്സകള്‍ക്ക് ജീവൻ രക്ഷിക്കാനും കേടുപാടുകൾ തടയാനും കഴിയുമെന്നതിനാൽ ഹൃദയസംബന്ധമായ തകരാറിന്റെ സൂചനകൾ അറിഞ്ഞിരിക്കണം. ക്ഷീണം, കാലുകളിലും പാതങ്ങളിലും വീക്കം, തലകറക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചിലെ അസ്വസ്ഥത എന്നിവ അവഗണിക്കരുത്. ഈ മുന്നറിയിപ്പ് അടയാളങ്ങൾ അവഗണിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്. ഇങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഉടൻ തന്നെ ഹൃദയാരോഗ്യ വിദഗ്ധനെ ബന്ധപ്പെടണം.
അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങള്‍.
1. നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത
വേദന, സമ്മർദ്ദം, ഞെരുക്കം, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നെഞ്ചുവേദനയാണ് ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നത്. കൈകൾ, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ പുറം എന്നിവയെയും ബാധിച്ചേക്കാം. വിശദീകരിക്കാനാകാത്ത നെഞ്ചുവേദനയ്ക്ക് ഉടനടി ചികിത്സ ആവശ്യമാണ്.
- ശ്വാസം മുട്ടൽ
ലഘുവായ ശാരീരിക പ്രവർത്തനത്തിലോ അല്ലെങ്കിൽ വിശ്രമത്തിലോ പോലും ഉണ്ടാകുന്ന ശ്വാസതടസ്സം ഹൃദയസംബന്ധമായ രോഗാവസ്ഥയുടെ ലക്ഷണമായിരിക്കാം. ശ്വാസംമുട്ടൽ ഇതിനോടൊപ്പം ഉണ്ടാകാം. - ക്ഷീണം
സ്ഥിരമായ, വിശദീകരിക്കാനാകാത്ത ക്ഷീണം ഹൃദയ സംബന്ധമായ രോഗാവസ്ഥയെ സൂചിപ്പിക്കാം, പ്രത്യേകിച്ചും പതിവ് ജോലികൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തുന്നുവെങ്കിൽ. നിങ്ങളുടെ കുറഞ്ഞ ഊർജ്ജ നില ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയാത്തത് കാരണമാകാം. - ക്രമരഹിതമായ ഹൃദയമിടിപ്പ്
നിങ്ങളുടെ ഹൃദയമിടിപ്പില്‍ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ശ്രദ്ധിക്കുക. ആർറിത്മിയ, അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, കൂടുതൽ ഗുരുതരമായ ഹൃദ്രോഗമാണ്. - വീക്കം
കാലുകൾ, കണങ്കാൽ, പാദങ്ങൾ, വയറ് എന്നിവയിൽ വേദന, നീർവീക്കം ഹൃദയസ്തംഭനത്തെ സൂചിപ്പിക്കാം. ഹൃദയത്തിന് വേണ്ടത്ര രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ശരീരം ദ്രാവകത്താൽ നിറയുന്നതാണ് ഇത്. - തലകറക്കം
മസ്തിഷ്കത്തിലേക്ക് വേണ്ടത്ര രക്ത വിതരണം ഇല്ലാത്തത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണമാകാം, ഇത് തലകറക്കം അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. - അമിതമായ വിയർപ്പ്
അമിതമായ വിയർപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് ഹൃദയാഘാതം, നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള മറ്റ് ലക്ഷണങ്ങളുമായി ഇത് വരുമ്പോൾ. - ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
ചില ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി അനുഭവപ്പെടാറുണ്ട്. ഈ ലക്ഷണം പലപ്പോഴും ശ്രദ്ധിക്കാതെ ദഹനപ്രശ്നമാണെന്ന് കരുതി അവഗണിക്കപ്പെടുന്നു. - ശരീരത്തിന്റെ മുകളിലെ ഭാഗങ്ങളില്‍ വേദന
പ്രത്യേകിച്ച് സ്ത്രീകളിൽ, വയറിന്റെ മുകൾഭാഗം, കൈകൾ, തോളുകൾ, കഴുത്ത് അല്ലെങ്കിൽ താടിയെല്ല് എന്നിവയിലെ വേദനയോ അസ്വസ്ഥതയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം. - അപ്രതീക്ഷിതമായി കൂടുന്ന ശരീരഭാരം
ഹൃദ്രോഗം മൂലം ദ്രാവകം ശരീരത്തിൽ നിലനില്‍ക്കുന്നത് കാരണം പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്നു. ഇത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് അല്ലെങ്കിൽ മരണത്തിലേക്ക് വരെ നയിച്ചേക്കാം. നേരത്തെ കണ്ടെത്തുന്നതും ചികിൽസിക്കുന്നതും വഴി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും സങ്കീർണതകൾ ഒഴിവാക്കുന്നതിനുമുള്ള സാധ്യതകൾ വളരെയധികം വർദ്ധിപ്പിക്കുന്നു. ഹൃദയാരോഗ്യകരമായ ജീവിതശൈലിയും പതിവ് ഡോക്ടർ സന്ദർശനങ്ങളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിൽ നിർണായകമാണ്.