ചെന്നൈ: സനാതന ധര്‍മ്മത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നഭിപ്രായപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയ അയോധ്യയിലെ സന്യാസിക്ക് ചുട്ട മറുപടിയുമായി തമിഴ്നാട് മന്ത്രിയും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു ഭീഷണിയോട് ഉദയനിധിയുടെ മറുപടി. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനം. അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ?. എന്റെ തലയോട് എന്താണ് ഇത്ര താല്‍പര്യം?. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടുന്നാണ് ലഭിക്കുന്നത്. എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തുരൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. ഇത് കാട്ടി പേടിപ്പിക്കാനൊന്നും നോക്കേണ്ട. തമിഴ്നാടിന് വേണ്ടി റെയില്‍വേ പാളത്തില്‍ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനാണ് ഞാനെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ‘ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിതി സ്റ്റാലിന്‍ പറഞ്ഞിരുന്നു.