കാസർകോട്: 2024 ജനുവരി 7, 8, 9 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എ.ഐ.ടി.യു.സി കാസർകോട് ജില്ലാ സമ്മേളനം ചെറുവത്തൂരിൽ ഞായറാഴ്ച തുടങ്ങും. ശനിയാഴ്ച വൈകുന്നേരം വിളമ്പര ജാഥ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സി.എച്ച് കൃഷ്ണൻ മാസ്റ്റർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം.എൽ.എ.നിർവഹിക്കും. പി.എ. നായർ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.എൻ. അമ്മണ്ണായ എന്നിവർ പ്രസംഗിക്കും. തിങ്കളാഴ്ച രാവിലെ 10 നു പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 30 യൂണിയനുകളിൽ നിന്നായി 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. രണ്ട് വർഷം കോവിഡ് കാരണം ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുവാൻ തൊഴിലാളികൾക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലും കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകൾ ശക്തമാക്കുകയായിരുന്നു. ഇതിനെ ചെറുത്തു തോല്പിക്കുവാൻ ട്രേഡ് യൂണിയനുകളോട് യോജിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്താനും എ.ഐ.ടി. യു.സി. യെ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ 59 മാസത്തെ പ്രവർത്തനങ്ങളുടെ അവലോകന ത്തിന്റെ അടിസ്ഥാനത്തിൽ ഭാവിപ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ, എ. അമ്പൂഞ്ഞി,പി. വിജയകുമാർ, എം. ഗണേശൻ എന്നിവർ പങ്കെടുത്തു.