കോഴിക്കോട്: കരിപ്പൂർ വിമാനതാവളത്തിലൂടെ കടത്താൻ ശ്രമിച്ച 60 ലക്ഷം വിലമതിക്കുന്ന സ്വർണ്ണമിശ്രിതം എയർ കസ്റ്റംസ് പിടികൂടി.വെള്ളിയാഴ്ച രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ എത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39) യിൽ നിന്നുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. .സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന മുനീർബാബു നാലു ക്യാപ്സ്യൂളുകളായി തന്‍റെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മുനീർബാബുവിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം മുനീർബാബുവിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ജീവകാരുണ്യ പ്രവർത്തകനെ അധികം പരിശോധിക്കില്ലെന്ന തോന്നലിലാണ് കള്ളകടത്ത് സംഘം ഇയാളെ സ്വർണ്ണകടത്ത് ക്യാരിയർ ആക്കാൻ കാരണം.