വെബ്ഡെസ്ക്: കേരളത്തിന്‍റെ ദേശീയോത്സവമാണെങ്കിലും ഓണാഘോഷത്തിന് പ്രാദേശിക, അന്തർദേശീയ അതിരുകളൊന്നും ബാധകമല്ലെന്നാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഓണകാഴ്ചകൾ തെളിയിക്കുന്നത്. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണവും അതിന്റെ ഓളവുമുണ്ട്. ഭൂഖണ്ഡങ്ങളും കടന്ന് പോകുന്നു ഓണവും കേരളത്തിന്‍റെ ഖ്യാതിയും. അങ്ങനെ ഇക്കുറി ഓണാഘോഷത്തിന്റെ ഭാഗമായി ദുബായില്‍ ഭീമൻ പൂക്കളമാണ് ഒരുക്കിയിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 1,000-ലധികം ആരോഗ്യ പ്രവർത്തകരാണ് 15 മണിക്കൂര്‍ കൊണ്ട് 750 കിലോഗ്രാം പൂക്കളാൽ വലിയ പൂക്കളം സൃഷ്ടിച്ചത്. അബുദാബി ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിംഗ്സ് നടത്തുന്ന ആഘോഷങ്ങൾക്ക് പുറമേ, യു.എ.ഇയുടെ സുസ്ഥിര വർഷവും COP28 കാലാവസ്ഥാ വ്യതിയാന കോൺഫറൻസും, യു.എന്‍ ന്റെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളും പ്രദർശിപ്പിക്കുന്നതാണ് 250 ചതുരശ്ര മീറ്ററുള്ള പൂക്കളം.
ഇന്ത്യ, സൗദി അറേബ്യ, ഫിലിപ്പീൻസ്, ഈജിപ്ത്, ജോർദാൻ, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാർ ഉത്സാഹത്തോടെ ആഘോഷത്തിന്റെ ഭാഗമായി.തങ്ങളെ എല്ലാവരേയും ഒരുമിപ്പിച്ച ഒരു രസകരമായ ഉത്സവമായിരുന്നു ഇതെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ നമ്മളെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ഈ സംരംഭം കൂടുതൽ അവബോധം സൃഷ്ടിക്കുമെന്നും ഫിലിപ്പൈൻസില്‍ നിന്നുള്ള നഴ്‌സ് ജോയ്‌സ് ആനി വെൻസൺ പറയുന്നു. കേരളത്തിന്റെ ഉത്സവങ്ങൾ, പാരമ്പര്യം, ഇന്ത്യൻ സംസ്കാരം എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ഈ പരിപാടി സഹായിച്ചെന്നും അവർ പറഞ്ഞു.