തിരുവനന്തപുരം: മഴ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതല്‍ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് സൂചന. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴക്കാലത്ത് ചൂട് ഉയര്‍ന്ന തോതില്‍ തുടരുന്നത് ആദ്യമായാണ്. സംസ്ഥാനത്ത് ഉടന്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ ലഭിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയുടെ ലഭ്യത കുറയുകയായിരുന്നു.
അതേസമയം, പാലക്കാട്, പത്തനംതിട്ട, എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ചില ജില്ലകളില്‍ ഒറ്റപ്പെട്ടതോ നേരിയതോ ആയ മഴ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ ശക്തമാണ്. കങ്കറ, ചംബ, ഹമിര്‍പുര്‍, മണ്ഡി, ബിലാസ്പുര്‍, സോളാര്‍, ഷിംല, കുളു, ജില്ലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.