കടലില്‍ ഒഴുകിയെത്തി കോടികള്‍ വിലമതിക്കുന്ന ഹാഷിഷ്; ഉറവിടം അജ്ഞാതം

മുംബൈ: പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ നിലയില്‍ രത്‌നഗിരിയിലെ ബീച്ചുകളിലേക്ക് ഒഴുകിയെത്തി ഹാഷിഷ്. 250 കിലോ ഹാഷിഷാണ് ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്രയിലെ 7 ബീച്ചുകളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്. നനഞ്ഞ് കുതിര്‍ന്ന അവസ്ഥയിലായിരുന്ന 12 കിലോയോളം ഭാരമുള്ള പാക്കറ്റുകളായിരുന്നു കണ്ടെടുത്തത്. ഈര്‍പ്പം മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തുന്നത്. ഓഗസ്റ്റ് 14 ന് രാത്രി പട്രോളിങ്ങിനിടെ തീരദേശ ഗാര്‍ഡുകള്‍ 10 പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് രത്‌നഗിരിയിലെ വിവിധ ബീച്ചുകളില്‍ കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. ഓഗസ്റ്റ് 15 ന് 35 കിലോ ഹാഷിഷ് രണ്ട് ബീച്ചുകളില്‍ നിന്നും 16ന് 38 കിലോ ഹാഷിഷും, 17ന് 115 കിലോ ഹാഷിഷുമാണ് കംസ്റ്റംസ് കണ്ടെത്തിയത്. കര്‍ഡെ, ലാഡ്ഗര്‍, കെല്‍ഷി, കോല്‍താരേ, മുരുഡ്, ബറോണ്ടി, ദാബോല്‍, ബോറിയ എന്നീ ബീച്ചുകളിലേക്കാണ് ലഹരി വസ്തുക്കള്‍ ഒഴുകിയെത്തിയത്. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ ഉപേക്ഷിച്ചതോ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളില്‍ നിന്ന് വീണ് പോയതോ ആയ മയക്കുമരുന്ന് തീരത്തേക്ക് ഒഴുകിയെത്തിയതാവാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. മുന്തിയ ഇനം ഹാഷിഷാണ് കോല്‍താരേ ബീച്ചില്‍ നിന്ന് കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വിശദമാക്കുന്നത്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന ലഹരി മരുന്നുകള്‍ ശേഖരിക്കരുതെന്നും അനധികൃതമായി ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും തീരദേശത്തുള്ളവര്‍ക്ക് ദപ്പോളി കസ്റ്റംസ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകാന്ത് കുഡല്‍കര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ പോര്‍ബന്ദറിലേയും ജുനാഗഡിലേയും ബീച്ചുകളില്‍ നിന്ന് 59 കാപ്പിപ്പൊടി പാക്കറ്റുകളിലായി ചരസ് എന്ന് സംശയിക്കപ്പെടുന്ന വസ്തു കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page