ബെംഗളൂരു : ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ലാന്റര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്കടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും വിജയം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടി നടത്തിയ ഡീബൂസ്റ്റിങ്ങിന് ശേഷം 25 കിലോമീറ്റര്‍ വരെ ചന്ദ്രനോടടുത്തുള്ള ഭ്രമണപഥത്തിലാണ് മൊഡ്യൂള്‍. 23ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്‌റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപതികരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ദൗത്യം വിക്ഷേപിച്ച് 35 ദിവസങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതവും മൃദുലവുമായ ലാന്‍ഡിംഗ് , ചന്ദ്രനില്‍ റോവര്‍ റോവിംഗ് , സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചന്ദ്രയാന്‍ -3 ന്റെ ദൗത്യ ലക്ഷ്യങ്ങള്‍. ഇതേസമയം ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനിലെത്തുമെന്ന് കരുതിയിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ ലൂണ 25 തകര്‍ന്നു. ചന്ദ്രന്റെ ബ്രമണപഥത്തില്‍ പ്രവേശിച്ച ലൂണ 25 ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്.