കണ്ണൂര്‍: ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ആഡൂര്‍ കോങ്ങാട്ട് പീടികക്ക് സമീപം സറീന മന്‍സില്‍ ഷാഹിദ് (23) ആണ് മരിച്ചത്. അസീസിന്റെയും പരേതയായ സറീനയുടെയും മകനാണ്. മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഷാഹിദ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആറളം ഫാം കാണാനെത്തിയപ്പോഴാണ് അപകടം നടന്നത്. ആറളം ഫാം ഗോഡൗണിന് സമീപത്ത് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചതിനെ തുടര്‍ന്ന് മരത്തിന്റെ ഒരു ഭാഗം കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് ഷാഹിദിന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു. ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഇഗ്‌നാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ആഡൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരി: ഷംന.