വെബ് ഡെസ്ക്:മലേഷ്യയിൽ ചെറുവിമാനം റോഡിൽ തകർന്നു വീണു 10 പേർ മരിച്ചു. വടക്കൻ മലേഷ്യയിലെ ലാൻങ്കാവിയിൽ നിന്നും ക്വാലാലംപൂരിലെ സുൽത്താൻ അബ്ദുൽ അസീസ് ഷാ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചാർട്ടേഡ് വിമാനമാണ് ഹൈവെയിൽ പൊട്ടിത്തെറിച്ച് തീഗോളമായത്. വിമാനത്തിലുണ്ടായിരുന്ന 8 പേരും റോഡിൽ യാത്ര ചെയ്യുന്ന രണ്ട് പേരും മരിച്ചതായാണ് റിപ്പോർട്ട്.4 വരി പാതയിൽ യാത്ര ചെയ്യുകയായിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് വിമാനം പതിച്ചത്. വിമാനാപകടത്തിന്റെ ദൃശ്യങ്ങളിൽ അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതും പരിസരത്തുള്ള വീടുകളും വ്യക്തമാണ്. മരിച്ച വാഹനയാത്രികരിൽ ഒരാൾ ബൈക്കുയാത്രക്കാരനും ഒരാൾ കാർ യാത്രികനുമാണ്. പെഹാംഗ് സംസ്ഥാനത്തെ ജൊഹാരി ഹാരൻ എന്ന നിയമസഭാംഗവും അപകടത്തിൽ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ലാങ്കാവിയിൽ നിന്നു പുറപ്പെട്ട വിമാനം ലാൻഡ് ചെയ്യാൻ മിനിട്ടുകൾ ബാക്കിയിരിക്കെയാണ് അപകടം. അപകട കാരണം വ്യക്തമായിട്ടില്ല.