ചീറ്റക്കാവില്‍ മദ്യശാല; സമരം ശക്തമാക്കി ഔട്ട് ലെറ്റ് വിരുദ്ധ സമിതി
കാസർകോട്: ജനവാസകേന്ദ്രമായ ചെറുവത്തൂർ കൊടക്കാട് ചീറ്റക്കാവില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്പന കേന്ദ്രം തുടങ്ങുന്നതിനെതിരെ വീണ്ടും ഔട്ട് ലെറ്റ് വിരുദ്ധ സമിതി സമരത്തിനൊരുങ്ങുന്നു. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടന്ന് നിലച്ച നിര്‍ദിഷ്ട ചീറ്റക്കാവ് ഒലെറ്റ് കെട്ടിടം എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതിനെ തുടര്‍ന്നു സമരം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം. ആഗസ്ത് 21 ഞായറാഴ്ച വൈകീട്ട് 5.30 ന് വെള്ളച്ചാല്‍ കേന്ദ്രീകരിച്ച് ചീറ്റക്കാവിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. അധികൃതരെ നേരില്‍ കണ്ട് നിവേദനം നല്‍കി, ജനസാന്ദ്രമായ ഗ്രാമീണ മേഖലയില്‍ സ്വൈര്യ ജീവിതം കെടുത്തുന്ന നടപടിയാണെന്ന് ബോധ്യപ്പെടുത്താനും നിര്‍ദിഷ്ട സ്ഥലത്ത് രാപകലുകളില്‍ ശക്തമായ ജാഗ്രത ഉറപ്പാക്കാനും ഔട്ട് ലെറ്റ് വിരുദ്ധ സമിതി തീരുമാനിച്ചു.
ജനകീയ സമിതി പ്രസിഡണ്ട് സി. മല്ലിക, കണ്‍വീനര്‍ പി രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍, സി വിരാധാകൃഷ്ണന്‍, പിവി രമേശന്‍ മാസ്റ്റര്‍, സി ശശി, എം കെ.വിജയകുമാര്‍, കെ. പ്രഭാവതി. എം.കൃഷ്ണ പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളച്ചാല്‍ റോഡരികില്‍ വില്ലേജ് ഓഫീസിന് സമീപം പുതിയ കെട്ടിടത്തില്‍ സ്ഥാപനം തുടങ്ങാനാണ് നീക്കം. പൊള്ളപ്പൊയില്‍ ബാലകൈരളി വായനശാല, വിദ്യാലയം, അങ്കണവാടി, മദ്രസ, വില്ലേജ് ഓഫീസ്, സാംസ്‌കാരിക സ്ഥാപനം എന്നിവ പ്രവര്‍ത്തിക്കുന്നതിന് സമീപം വിദേശമദ്യ വില്പന കേന്ദ്രം തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.