ചാണ്ടി ഉമ്മനും ,ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിച്ചു;പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്
കോട്ടയം : പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിച്ചു.പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്.മുതിർന്ന യുഡിഎഫ് നേതാക്കൾ ചാണ്ടി ഉമ്മനെ അനുഗമിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്‍റെ മാതാവാണ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകിയത്. ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ശേഷം അമ്മക്കും സഹോദരിമാർക്കും ഒപ്പമാണ് ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ മള്ളിയൂർ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ ശിവ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷമായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.പാമ്പാടിയിൽ നിന്ന് വാഹന റാലിയായി പള്ളിക്കാതോട് വരെ എത്തിയായിരുന്നു നാമനിർദേശ പത്രികാ സമർപ്പണം. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള നേതാക്കളും അനുഗമിച്ചിരുന്നു.മൂന്ന് മുന്നണി സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിച്ചതോടെ പുതുപ്പള്ളിയിൽ പ്രചാരണം സജീവമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഈ മാസം 19 ആണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയ്യതി