വെബ്ബ് ഡെസ്ക് : സെനഗലിൽ നിന്നുള്ള കുടിയേറ്റ ബോട്ട് പശ്ചിമ ആഫ്രിക്കയിലെ കേപ് വെർദെ ദ്വീപുകൾക്ക് അരികെ കണ്ടെത്തിയതിനെ തുടർന്ന് അറുപതിലധികം പേർ മരിച്ചതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. അറുപത്തിമൂന്ന് പേർ മരിച്ചതായും രക്ഷപ്പെട്ട 38 പേരിൽ 12 നും 16 നും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾ ഉൾപ്പെടുന്നുവെന്നും ഐഒഎം വക്താവ് വ്യക്തമാക്കി. പൈറോഗ് എന്നറിയപ്പെടുന്ന നീളമുള്ള തടി ഉപയോഗിച്ച് നിർമ്മിക്കുന്ന മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടനിലയിൽ കേപ് വെർഡിയൻ ദ്വീപായ സാലിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (277 കിലോമീറ്റർ) അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടെത്തുകയായിരുന്നു. ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.അപകടത്തിൽ 56 പേരെ കാണാതായതായി കരുതുന്നു.
ജൂലൈ 10 ന് നൂറിൽ അധികം അഭയാർത്ഥികളുമായി പോയെ ബോട്ട് സെനഗലിലെ മത്സ്യബന്ധന ഗ്രാമമായ ഫാസെ ബോയിൽ നിന്ന് പുറപ്പെട്ടതാണെന്ന് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് സെനഗൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗിനിയ-ബിസാവുവിൽ നിന്നുള്ള ഒരാളൊഴികെ എല്ലാവരും സെനഗൽ പൗരന്മാരാണ്. എന്നാൽ പ്രാദേശിക മത്സ്യത്തൊഴിലാളി സംഘടനയായ സിഎൽപിഎയിലെ ഉദ്യോഗസ്ഥനായ അബ്ദു കരീം പറഞ്ഞത് കാണാതായവരെല്ലാം മരിച്ചെന്നാണ്. ദാരിദ്ര്യത്തിൽ നിന്നും യുദ്ധത്തിൽ നിന്നും രക്ഷപ്പെടാന്‍ യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് ആഫ്രിക്കക്കാർ ഉപയോഗിക്കുന്ന സമുദ്ര കുടിയേറ്റ പാതയിലാണ് കേപ് വെർദേ സ്ഥിതി ചെയ്യുന്നത്. അവരിൽ പലരും സ്പെയിനിലെ കാനറി ദ്വീപുകളിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ വഴിയാണ് ഇത്