വെബ് ഡെസ്ക് : കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ഓർമ്മകളുമായി ഇന്ന് ചിങ്ങം ഒന്ന്. മലയാളം കലണ്ടർ പ്രകാരം പുതുവർഷത്തിലെ ആദ്യ ദിനം കർഷക ദിനമായി ആചരിക്കുന്നു. വര്‍ഷം മുഴുവൻ മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കിവെക്കപ്പെട്ട ദിവസം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.വറുതിയുടെയും ദുരിതത്തിന്‍റെയും മാസമായി കണക്കാക്കുന്ന കർക്കിടകം കഴിഞ്ഞ് വരുന്ന പൊന്നിൻചിങ്ങം പ്രതീക്ഷയുടെയും പ്രത്യാശയുടെയും മാസമാണ്. പുതുവർഷത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകള്‍ നടക്കും. മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം. ഞായറാഴ്ച അത്തം എത്തുന്നതോടെ നാടെങ്ങും പൂവിളികൾ ഉയരും. ചിങ്ങം പതിമൂന്നിനാണ് ഇക്കുറി തിരുവോണം. മഹത്തായ കാർഷിക പാരമ്പര്യത്തിന്‍റെ ഗൃഹാതുര ഓർമ്മകളുമായി മലയാളി ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ചിങ്ങം നടീൽ കാലം കൂടിയാണ്. ഇക്കുറി മഴ കുറഞ്ഞത് കാർഷിക മേഖലയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. ചിങ്ങം പിറന്നതോടെ വിപണിയും സജീവമായി. എല്ലാ വായനക്കാർക്കും കാരവൽ മീഡിയയുടെ പുതുവത്സരാശംസകൾ