യാത്രക്കാരെ വലച്ച് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുതിച്ച് കയറി ; സാധാരണ നിരക്കിനേക്കാൾ 4 മടങ്ങ് കൂടുതല്‍ ; പ്രവാസികൾ നെട്ടോട്ടത്തിൽ

അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങി പോകുന്ന മലയാളി പ്രവാസികൾക്ക് അമിതമായ വിമാന ടിക്കറ്റ് നിരക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനിരിക്കെ, വിമാനക്കമ്പനികൾ അമിത നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.മുംബൈ പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പറക്കാനുള്ള ചെലവ് മൂന്നിരട്ടിയാണ്. ഓണാഘോഷം കഴിഞ്ഞ് പ്രവാസികളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഈ മാസം അവസാനവും സെപ്തംബർ തുടക്കവുമാണ് വർധിച്ച നിരക്ക് ഈടാക്കുന്നത്.നിലവിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വൺവേ ടിക്കറ്റ് വിമാന നിരക്ക് 40,000 മുതൽ 75,000 രൂപ വരെയാണ്. അതേ സമയം ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റുകൾ 10,000 രൂപയ്ക്ക് താഴെയാണ്. ഇക്കാര്യത്തിൽ സർക്കാരും എംപിമാരും ആശങ്ക ഉന്നയിച്ചിരുന്നെങ്കിലും വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാമെന്ന പഴയ നിലപാട് തന്നെയായിരുന്നു കേന്ദ്രസർക്കാറിന് . ചാർട്ടേഡ് വിമാനങ്ങൾ എന്ന അഭ്യർത്ഥനയും കേന്ദ്ര സർക്കാർ ചെവി കൊണ്ടില്ല.

തിരുവനന്തപുരത്ത് നിന്ന് ഗൾഫ് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്:
*ദുബായ് – 47,662 (എയർ ഇന്ത്യ എക്സ്പ്രസ്)
*ദുബായ് – 72,143 (എമിറേറ്റ്സ്) *അബുദാബി – 74,403 (എയർ അറേബ്യ) *അബുദാബി – 39,788 (എയർ ഇന്ത്യ എക്സ്പ്രസ്)
*ഷാർജ – റിയാദ് – 78,972 (എയർ അറേബ്യ)
*കോഴിക്കോട് – ദോഹ – 39,375 (എയർ ഇന്ത്യ എക്സ്പ്രസ്)
*അബുദാബി – ദമ്മാം – 70,426 (ഇതിഹാദ്)
*കുവൈറ്റ് – 54,100 (കുവൈത്ത് എയർവേസ്

സംസ്ഥാനത്ത് നിന്ന് യൂറോപ്പ്, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിമാന യാത്രക്കാർ ഇപ്പോൾ മുംബൈയെ ഒരു ട്രാൻസിറ്റ് ഹബ്ബായി മാറ്റിയിരിക്കുകയാണ്. ദുബായോ മറ്റ് ഗൾഫ് രാജ്യങ്ങളോ ആണ് നേരത്തെ തിരഞ്ഞെടുത്തിരുന്നതെങ്കിൽ, ടിക്കറ്റ് നിരക്കിലെ വലിയ വ്യത്യാസം കാരണം ഇപ്പോൾ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാനാണ് പലരും താല്‍പര്യപ്പെടുന്നത്. ഇതോടെ തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി എയർപോർട്ട് വൃത്തങ്ങൾ പറയുന്നു. ഇപ്പോൾ തിരുവനന്തപുരത്തിനും മുംബൈയ്ക്കുമിടയിൽ ആറ് പ്രതിദിന വിമാനങ്ങളുണ്ട്. ഇൻഡിഗോ (മൂന്ന്), എയർ ഇന്ത്യ (രണ്ട്), വിസ്താര (ഒന്ന്). അടുത്ത മാസം മുതൽ വിസ്താര മറ്റൊരു സർവീസ് കൂടി കൂട്ടിച്ചേർക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രതിദിനം ശരാശരി 12,000 യാത്രക്കാർ യാത്ര ചെയ്യുന്നു, അതിൽ 6,000 ഓളം ആഭ്യന്തര യാത്രക്കാരാണ്. ഇതിൽ 20% പേർ വിദേശത്തേക്കുള്ള യാത്രാ കേന്ദ്രമായി മുംബൈയെ ഉപയോഗിക്കുന്നു.വിമാനക്കമ്പനികൾക്ക് അടിസ്ഥാന നിരക്കിലും സർവീസ് നടത്താമെന്നാണ് കേരളത്തിലേക്കുള്ള കുറഞ്ഞ യാത്രാ നിരക്ക് വെളിപ്പെടുത്തുന്നത്. അതുകൊണ്ട്‌ ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഉള്ള ഈ കൊള്ള നിരക്ക് നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകണം എന്നാണ് ഓരോ യാത്രക്കാരന്റെയും അഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page