മംഗളൂരു: യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ യുവതി താഴേക്ക് വീണു മരണപ്പെട്ടു. പുഞ്ചപ്പാടി ബൊല്ലാജെ സ്വദേശിനി സുചിത്ര (30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് 40 അടി ഉയരമുള്ള തെങ്ങില്‍ നിന്നും വീണത്. ഉടന്‍ ഭര്‍ത്താവ് പുത്തൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറ്റത്തൊഴിലാളിയായ ആദ്യ വനിതയെന്ന നിലയില്‍ സുചിത്രക്ക് നിരവധി സംഘടനകള്‍ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യന്ത്രം ഉപയോഗിച്ച് തൊഴിലെടുത്തുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെല്ലാരെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.