ഹൈദരബാദ്: പ്രിയ കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20 കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് എത്തുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നി. ഒളിക്കാന്‍ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിച്ചു. വീഴ്ചയില്‍ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മൊഹമ്മദ് ഷൊഹൈബിന്റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ പുലര്‍ച്ചയോടെ ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൊഹമ്മദ് ഷൊഹൈബിന്റെ പിതാവ് ഷൌക്കത്ത് അലി പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സേലത്ത് സമാനമായ സംഭവം നടന്നിരുന്നു. കാമുകിയുമായി ഫ്‌ലാറ്റിന്റെ ടെറസില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവ് കാമുകിയുടെ അമ്മയെ കണ്ട് ഒളിക്കാന്‍ ശ്രമത്തിനിടെ വീണ് മരിച്ചിരുന്നു. ധര്‍മപുരി സ്വദേശിയായ 18 കാരന്‍ എസ് സഞ്ജയ് ആണ് മരിച്ചത്. നിയമ പഠനത്തിന് പ്രവേശനം ലഭിച്ചിരിക്കെയാണ് സംഭവമുണ്ടായത്.