ന്യൂഡൽഹി : മണിപ്പൂർ കലാപ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം.വർഷകാല സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ഇരു സഭകളും പ്രതിഷേധത്തിൽ മുങ്ങി. ലോക്സഭയിൽ സഭാ നടപടികൾ ആരംഭിച്ച ഉടൻ പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു.ചോദ്യോത്തര വേളക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടർന്ന് സഭ നിർത്തിവെച്ചു. രാജ്യസഭയിലും പ്രതിപക്ഷം ബഹളം തുടർന്നു. പുതുതായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’ യുടെ നേതൃത്വത്തിൽ പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്ലക്കാർഡുകളുമേന്തി എം.പിമാർ പ്രതിഷേധം സംഘടിപ്പിച്ചു.മണിപ്പൂർ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിന്‍റെ ഇരു സഭകളിലും സംസാരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ സമരം. പുതിയ പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കപ്പെട്ട ശേഷം സംഘടിപ്പിക്കുന്ന ആദ്യ പ്രതിഷേധ പരിപാടിയാണിത്. 26 പാർട്ടികളാണ് പുതിയ പ്രതിപക്ഷ സഖ്യത്തിലുള്ളത്.അതേ സമയം രാജസ്ഥാനിൽ വനിതകൾക്ക് നേരെ നടന്ന ആക്രമസംഭവങ്ങൾ ചൂണ്ടികാട്ടി ബിജെപി എം.പിമാരും ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ സമരം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് , സിപിഎം എം.പിമാർ ഇന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.എന്നാൽ പ്രതിപക്ഷ ആവശ്യം തള്ളിയ ഭരണപക്ഷം വിഷയത്തിൽ ചർച്ചയാകാമെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നൽകുമെന്നുമുള്ള നിലപാടിലാണ്.മണിപ്പൂരിൽ കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്ക് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ മുൻകാലങ്ങളിലെ മണിപ്പൂരിലെ സാഹചര്യങ്ങളും കലാപങ്ങളും ചൂണ്ടികാട്ടി പ്രതിരോധിക്കുകയാണ് സർക്കാർ