തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി മെയിൻ സെൻട്രൽ റോഡ്(എം.സി റോഡ്) ന് ‘ഉമ്മൻചാണ്ടി റോഡ്’ എന്ന പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം സുധീരൻ. ഇക്കാര്യം ചൂണ്ടികാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എം.സി റോഡ് വഴി പുതുപ്പള്ളി വരെ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സമാനതകളില്ലാത്തത് ആയിരുന്നു. എം.സി റോഡ് യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി റോഡ് ആയി മാറുന്ന രീതിയിലായിരുന്നു ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തിൽ തട്ടിയുള്ള പ്രതികരണമെന്നും ഭാവിയിൽ ഒ.സി റോഡ് ആയി ഇത് അറിയപ്പെടട്ടെയെന്നും കത്തിൽ പറയുന്നു. നാമകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വി.എം സുധീരൻ കത്തിൽ വ്യക്തമാക്കുന്നു. കത്തിന്‍റെ പകർപ്പ് പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട്.