മണിപ്പൂരിൽ നടന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ;രണ്ട് സ്ത്രീകളെ കൂടി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്
ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ രാജ്യമാകെ വന്‍ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ മറ്റു രണ്ടു സ്‌ത്രീകളെ കൂടി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് വാര്‍ത്ത പുറത്ത് വരുന്നു. ഇംഫാലില്‍ കാര്‍ വാഷ് സെന്ററില്‍ ജോലി ചെയ്‌തിരുന്ന രണ്ടു യുവതികളെ കൂട്ട ബലാത്സംഗം ചെയ്‌തുകൊന്നുവെന്നാണ് പുറത്തു വരുന്ന വിവരം. വീഡിയോ ദൃശ്യങ്ങളിലുള്ള സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ മെയ് നാലിനു തന്നെയാണ് ഈ സംഭവവും നടന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കാജ്‌പോക്‌പി ജില്ലയില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട 21, 24 വയസ്സുള്ള രണ്ടു യുവതികളാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നു വലിച്ചിറക്കിയാണ് യുവതികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ കൊല്ലപ്പെട്ട 21 കാരിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്‌തിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞാണ് കേസ് ബന്ധപ്പെട്ട സ്റ്റേഷനിലേയ്‌ക്ക് കൈമാറിയതെന്നും ആക്ഷേപമുയരുന്നു.ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി പുറത്തിറങ്ങിയ സ്‌ത്രീകള്‍ റോഡ് തടസ്സപ്പെടുത്തുകയും ടയര്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.ഇതിനിടയില്‍ യുവതികളെ നഗ്നരാക്കി നടത്തി അപമാനിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്‌തു. 19 കാരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.