പരപ്പ: വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടിടത്തു വനത്തിനകത്തു ഉരുള്‍പൊട്ടി. ബളാല്‍ പഞ്ചായത്തിലെ പടയങ്കല്ല്, കുണ്ടുകൊച്ചി വനത്തിനകത്താണ് ഉരുള്‍പൊട്ടിയത്. വനത്തിനു അകത്തു നിന്നു കല്ലും മണ്ണും വഹിച്ചു കൊണ്ട് മലവെള്ളം റോഡിലേയ്ക്ക് കുതിച്ചെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ വില്ലേജ്, ചുള്ളി മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായ വന പ്രദേശം, അപകട സാധ്യത കണക്കിലെടുത്ത് 10 കുടുംബങ്ങളെ രാവിലെ തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. മലവെള്ളപാച്ചിലില്‍ ചുള്ളി, സി വി കോളനി റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഈ പ്രദേശത്തു ഒറ്റപ്പെട്ടു കിടക്കുന്ന 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്നു ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജുക്കട്ടക്കയം പറഞ്ഞു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി, വെള്ളരിക്കുണ്ട് പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മലവെള്ളം റോഡിലേക്ക് കുത്തിയൊഴുകിയതിനെ തുടര്‍ന്ന് കല്ലും മണ്ണും നിറഞ്ഞു കിടക്കുന്നതിനാല്‍ ചുള്ളി മരുതോം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. അപ്രതീക്ഷിതമായി മലവെള്ളം ഒഴുകി എത്തിയതിനെ തുടര്‍ന്ന് ഞാണിക്കടവ് പാലം, കാര്യോട് ചാല്, മാലോം ടൗണ്‍ പാലം എന്നിവിടങ്ങളിലെല്ലാം പാലം കരകവിഞ്ഞു. മലയോര ഹൈവേയില്‍ മരുതോം ചുരം വഴിയുള്ള യാത്ര തടസ്സപ്പെട്ടു.
മലയോരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവാണ്.