ബംഗ്ളൂരു: ഷിമോഗയ്ക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 15 പേര് മരിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനം നാലു ജില്ലകളില്‍ അനുഭവപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തര മണിയോടെ ഷിമോഗ, ഹുനസോണ്ടുവിലാണ് നാടിനെ നടുക്കിയ ദുരന്തം. സ്ഫോടക വസ്തുക്കളുമായി ബീഹാറില്‍ നിന്നും എത്തിയ ലോറി കരിങ്കല്‍ ക്വാറിക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു. ജലാറ്റിന്‍ സ്റ്റിക്കുകളില്‍ നിന്നും പടര്‍ന്ന തീ ലോറിയില്‍ ഉണ്ടായിരുന്ന ഡിറ്റനേറ്ററുകളില് എത്തിയതോടെയാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. അന്‍പതോളം ഡിറ്റനേറ്ററുകള്‍ പൊട്ടിത്തെറിച്ചുവെന്നാണ് പ്രാഥമിക സംശയം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപ ജില്ലകളായ ചിക്കമംഗ്ളൂരുവിലും ഉത്തര കന്നഡയിലും വന്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ച വീടുകള്ക്കകത്തുണ്ടായിരുന്നവര് പറത്തേയ്ക്ക് ഓടുകയും ചെയ്തു. സ്ഫോടനത്തില്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം ചിന്നിച്ചിതറി.