ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌: ഖമറുദ്ദീന്‌ 148 കേസുകളില്‍ 52 ല്‍ ജാമ്യം; മുഖ്യ പ്രതി ഇപ്പോഴും ഒളിവില്‍

0
23

കാഞ്ഞങ്ങാട്‌: ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയ്‌ക്ക്‌ 25 കേസുകളില്‍ കൂടി ഇന്നലെ ജാമ്യം അനുവദിച്ചു. ഇതോടെ 148 കേസുകളുള്ള ഖമറുദ്ദീന്‌ 52 കേസുകളില്‍ ജാമ്യം ലഭിച്ചു. അവശേഷിക്കുന്ന കേസുകളില്‍ കൂടി ജാമ്യം കിട്ടിയാലേ എം എല്‍ എയ്‌ക്ക്‌ പുറത്തിറങ്ങാന്‍ കഴിയു. കാസര്‍കോട്‌ സി ജെ എം കോടതി ഇന്നു 16 കേസുകളില്‍ കൂടി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്‌. ഹൊസ്‌ദുര്‍ഗ്ഗ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 കേസുകളിലും കാസര്‍കോട്‌ സി ജെ എം കോടതി 11 കേസുകളിലുമാണ്‌ ജാമ്യം അനുവദിച്ചത്‌. അതേ സമയം ജ്വല്ലറി മാനേജിംഗ്‌ ഡയറക്‌ടറും കേസിലെ ഒന്നാം പ്രതിയുമായ ചന്തേരയിലെ പി കെ പൂക്കോയ തങ്ങളെ ഇനിയും കണ്ടെത്താനായില്ല. ഖമറുദ്ദീന്റെ അറസ്റ്റിന്‌ പിന്നാലെ നാടകീയമായി കാണാതായി മാസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ചും ജില്ലാ പൊലീസ്‌ മേധാവി രൂപീകരിച്ച പ്രത്യേക ടീമും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്തേയ്‌ക്ക്‌ കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കഔട്ട്‌ നോട്ടീസ്‌ പതിച്ചിട്ടുണ്ട്‌. എന്നിട്ടും മുഖ്യ പ്രതിയെ കണ്ടെത്താനാകാത്തതില്‍ ദുരൂഹത ഉണ്ടെന്നാണ്‌ നിക്ഷേപ തട്ടിപ്പിന്‌ ഇരയായവര്‍ പറയുന്നത്‌.

NO COMMENTS

LEAVE A REPLY