കാഞ്ഞങ്ങാട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത അനിശ്ചിതത്വത്തില്‍, പദ്ധതിക്കു കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് ഇതിന് കാരണം. അതേസമയം പദ്ധതി സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വെ, ഡല്‍ഹിയിലെ റെയില്‍വെ ബോര്‍ഡിന് അയച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി പത്രം നല്‍കാത്ത സാഹചര്യത്തില്‍ പദ്ധതി ലാഭകരമല്ലെന്ന് റെയില്‍വെ ബോര്‍ഡ് തീരുമാനിക്കാനാണ് സാധ്യതയെന്ന് പദ്ധതി വിഭാവനം ചെയ്ത ജോസ് കൊച്ചിക്കുന്നേല്‍ പറഞ്ഞു. 1450 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഇതിന്റെ സര്‍വ്വേ 2015 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കിയതാണ്. ആകെ 90 കിലോമീറ്റര്‍ നീളമുള്ള പാതയുടെ 40 കിലോമീറ്റര്‍ കേരളത്തിലും 50 കിലോമീറ്റര്‍ കര്‍ണ്ണാടകയിലുമാണ്. സമ്മത പത്രം ലഭിക്കുന്നതിന് കേരളം, കര്‍ണ്ണാടക സര്‍ക്കാരുമായി ഔദ്യോഗികമായി ഒരു ചര്‍ച്ച പോലും ചെയ്തിട്ടില്ല. ഇനിയെന്തെങ്കിലും ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഈ സ്വപ്ന പദ്ധതി കടലാസില്‍ ഒതുങ്ങുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.