മകളുടെ പഠനത്തിന്‌ പണം സ്വരൂപിക്കാനുള്ള യാത്രക്കിടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞു മാതാവ്‌ മരിച്ചു; മകള്‍ ഗുരുതര നിലയില്‍

0
45

പെര്‍ള: സ്‌കൂട്ടര്‍ കുഴിയിലേക്ക്‌ മറിഞ്ഞ്‌ മാതാവ്‌ മരിച്ചു. മകളെ ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയമ്പാറ കങ്കിനമൂലയിലെ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുബൈദ (40)യാണ്‌ അപകട സ്ഥലത്ത്‌ മരിച്ചത്‌. മകള്‍ അലീമത്ത്‌ അനീസ (18)യാണ്‌ ചികിത്സയിലുള്ളത്‌. ഇന്നലെ ഉച്ചക്ക്‌ മാതാവും മകളും മണിയമ്പാറയില്‍ നിന്ന്‌ സ്‌കൂട്ടറില്‍ വീട്ടിലേക്ക്‌ വരുമ്പോഴാണ്‌ അപകടം. അലീമത്ത്‌ അനീസക്ക്‌ മംഗ്‌ളൂരുവിലെ സ്വകാര്യ കോളേജില്‍ ഫിസിയോ തെറാപ്പിക്ക്‌ അഡ്‌മിഷന്‍ ലഭിച്ചിരുന്നു. ഇതിനാവശ്യമായ പണം സ്വരൂപിക്കുന്നതിന്‌ മാതാവും മകളും വീട്ടില്‍ നിന്ന്‌ സ്‌കൂട്ടറില്‍ മണിയമ്പാറയിലെത്തിയ ശേഷം കാസര്‍കോട്‌ ബാങ്കിനെ സമീപിച്ചിരുന്നു. ഉച്ചക്ക്‌ ബസില്‍ മണിയമ്പാറയില്‍ തിരിച്ചെത്തി വീട്ടിലേക്ക്‌ സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു. അതിനു ശേഷം ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന്‌ ഫോണില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചു. അതിനും കഴിയാതാവുകയും ചെയ്‌തതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ വീട്ടിനടുത്ത 30 അടി താഴ്‌ച്ചയില്‍ ഇവര്‍ അപകടത്തില്‍പ്പെട്ടത്‌ കണ്ടെത്തിയത്‌. സുബൈദ മരണപ്പെട്ട നിലയിലായിരുന്നു. മകള്‍ അലീമത്തിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബന്തിയോട്‌ മുട്ടത്തെ ബീരാന്‍ മുഹമ്മദ്‌-ആസ്യമ്മ ദമ്പതികളുടെ മകളാണ്‌ മരണപ്പെട്ട സുബൈദ. ആഷിക്ക്‌, അന്‍ഷിത എന്നിവരാണ്‌ മറ്റു മക്കള്‍. സഹോദരങ്ങള്‍: നജീന, ബീഫാത്തിമ, ബല്‍ക്കീസ്‌, ഖദീജ.

NO COMMENTS

LEAVE A REPLY