കരിപ്പൂര്‍ വിമാന ദുരന്തം; മരണം 18

0
16

കോഴിക്കോട്‌: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഇവരില്‍ 17 പേരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. പരിക്കേറ്റവരില്‍ 16 പേരുടെ നില അതീവ ഗുരുതരമാണ്‌. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകട വിവരമറിഞ്ഞ്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കരിപ്പൂരിലെത്തി. ഭാഗ്യത്തിനാണ്‌ വന്‍ ദുരന്തം ഒഴിവായതെന്നും അപകടത്തില്‍പ്പെട്ട വിമാനത്തിനു തീപ്പിടിച്ചിരുന്നുവെങ്കില്‍ മംഗ്‌ളൂരു വിമാനദുരന്തത്തിന്റെ തനിയാവര്‍ത്തനം നടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെ തുടര്‍ന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്‌സിംഗ്‌പുരി, സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവര്‍ കരിപ്പൂരിലെത്തി.
ഇതിനിടയില്‍ അപകടത്തെ കുറിച്ച്‌ വിദഗ്‌ദ്ധസംഘം അന്വേഷണം തുടങ്ങി. ഇന്നു രാവിലെ പുനഃരാരംഭിച്ച തെരച്ചിലില്‍ അപകട കാരണം കണ്ടെത്തുന്നതിനു നിര്‍ണ്ണായകമായ ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെത്തി. വിമാനദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌.
വിമാന അപകടത്തെ തുടര്‍ന്ന്‌ കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടു. ഇവിടെ ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരിലേക്കു തിരിച്ചു വിട്ടു.
അപകടത്തില്‍ മരിച്ച ഒരാള്‍ക്കു കോവിഡ്‌ സ്ഥിരീകരിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

NO COMMENTS

LEAVE A REPLY