കാസര്‍കോട്: നായാട്ടു സംഘം നിക്ഷേപിച്ചതെന്നു കരുതുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു. പൊലീസ് സ്റ്റേഷന് പരിധിയിലെ ഹേരൂര്‍, മീപ്പിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പരിസരവാസികളെത്തി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടയിലാണ് ജീപ്പുമായി ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടത്. ഇക്കാര്യം കുമ്പള പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്, എ.എസ്.ഐ ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തി യുവാവിനെയും ജീപ്പും കസ്റ്റഡിയിലെടുത്തു. കുണ്ടംകുഴി സ്വദേശിയായ ഉണ്ണികൃഷ്ണന് (48) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയതായി കുമ്പള പൊലീസ് അറിയിച്ചു. ജീപ്പിനകത്തു നടത്തിയ പരിശോധനയില്‍ രണ്ടു വെടിയുണ്ടകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നായാട്ടു സംഘം എത്തിയ ജീപ്പാണ് പിടിയിലായതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഘത്തില്‍ പത്തോളം പേര് ഉണ്ടായിരുന്നതായി സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പു കുമ്പള ഭാസ്കര നഗറില്‍ സമാന രീതിയില്‍ വളര്‍ത്തു നായ ചത്ത സംഭവം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
