കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പാറപ്പള്ളിയിലും പുലിയിറങ്ങി. തട്ടുമ്മല്‍ ഭാഗത്താണ് പുലിയിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് റബ്ബര്‍ ടാപ്പിംഗിനു പോയ ആളാണ് തെരുവു നായയുടെ പാതി തിന്ന ജഡം കണ്ടത്. പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു ജഡം. സ്ഥിരമായി കുമ്പള ഭാഗത്ത് അലഞ്ഞു തിരിയുന്ന തെരുവു നായയാണ് പുലിയുടെ ഇരയായത്. വിവരമറിഞ്ഞ് പൊലീസും വനപാലകരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മീങ്ങോത്തെ റബ്ബര്‍ തോട്ടത്തിലും പുലിയെ കണ്ടിരുന്നു. ടാപ്പിംഗിനു പോയ തൊഴിലാളികളാണ് അന്നു പുലിയെ കണ്ട വിവരം പുറത്തു വിട്ടത്. ഒരേ പ്രദേശത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ പുലിയെ കണ്ടതോടെ നാടാകെ ഭീതിയിലായിരിക്കുകയാണ്.
