കാസര്‍കോട്: ആയൂര്‍വേദ മരുന്നു കടയിലെത്തി ഉടമയുടെ മൂന്നരപ്പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘം അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, കുഞ്ചൂര്‍, പഞ്ച സ്വദേശി ഷംസുദ്ദീന്‍ അസ്‌ക്കര്‍ അലി (28), പുത്തൂര്‍ ബന്നൂരിലെ ബിഎ നൗഷാദ് (37) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീര്‍, എസ്.ഐ കെ.കെ നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മംഗ്‌ളൂരുവിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മാല പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു.
ഫെബ്രുവരി 11ന് നീര്‍ച്ചാല്‍, മേലെ ബസാറിലെ ആയുര്‍വേദ കടയിലാണ് കേസിനാസ്പദമായ സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ആയുര്‍വേദ കടയില്‍ എത്തി നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചു. കടയുടമയായ എസ്.എന്‍ സരോജിനി (64) മരുന്നു നല്‍കുന്നതിനിടയില്‍ യുവാവ് മാല പൊട്ടിച്ചോടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ബദിയഡുക്ക പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ കര്‍ണ്ണാടകയില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും നൗഷാദിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വെച്ചതിനു കേസുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദ്, സിപിഒമാരായ ഹാരിഷ്, ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.
