ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബി. ജെ. പി . പാർലമെൻററി പാർട്ടി തിരഞ്ഞെടുത്തു. ഷാലിമാർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥിയാണ് രേഖ. ആദ്യമായാണ് രേഖ ഗുപ്ത എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത് .ബുധനാഴ്ച വൈകിട്ട് ചേർന്ന ബിജെപി ലജിസ്ലേറ്റർ പാർട്ടിയാണ് രേഖ ഗുപ്തയെ നേതാവായി തിരഞ്ഞെടുത്തത്. പത്ത് വർഷം തുടർച്ചയായി ഡെൽഹി ഭരിച്ച എ.എ.പി.യെ തറപറ്റിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ബിജെപി നിയമസഭാംഗങ്ങൾ പാർട്ടി നേതാവായി രേഖയെ തിരഞ്ഞെടുത്ത വിവരം ഡൽഹി ലഫ്ടനൻ്റ് ഗവർണറെ അറിയിക്കുന്നതിന് രാജ്ഭവനിലേക്കു പുറപ്പെട്ടു. 26 വർഷത്തിനു ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ എത്തുന്നത്. സത്യ പ്രതിജ്ഞ വ്യാഴാഴ്ച രാംലീല മൈതാനത്ത് നടക്കും. 5 മന്ത്രിമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചനയുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ടാഴ്ചമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. ബിജെപിയിലെ സുഷമാ സ്വരാജ്, കോൺഗ്രസിലെ ഷീലാ ദീക്ഷിത്, എ.എ.പി.യിലെ അതിഷി എന്നിവരാണ് നേരത്തെ ഡൽഹി മുഖ്യമന്ത്രിമാരായ വനിതകൾ.
