മംഗളൂരു: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 119 കിലോ കഞ്ചാവ് മംഗളൂരു സിറ്റി പൊലീസ് പിടികൂടി. ഉപ്പള സ്വദേശിയടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മൊയ്തീന്‍ ഷബീര്‍ (38), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകനാഥ് പാണ്ഡെ (30), കേരളത്തില്‍ നിന്നുള്ള അജയ് കൃഷ്ണന്‍ (30), ഹരിയാന സ്വദേശി ജീവന്‍ സിംഗ് (35) എന്നിവരാണ് അറസ്റ്റിലായത്. കടത്താന്‍ ശ്രമിച്ച ആള്‍ട്ടോ കാറും ഒരു ടെമ്പോയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വാഹനങ്ങള്‍ സിസിബി പൊലീസ് തടഞ്ഞത്. മീന്‍ കടത്ത് എന്ന വ്യാജേനയാണ് കഞ്ചാവ് കടത്താന്‍ സംഘം ശ്രമം നടത്തിയത്. ആദ്യം എത്തിയ ആള്‍ട്ടോ കാറില്‍ നിന്ന് 34 കിലോ കഞ്ചാവു പിടിച്ചെടുത്തതോടെ പിന്നാലെ വന്ന ടെമ്പോയില്‍നിന്ന് 85 കിലോ കഞ്ചാവുകൂടി കണ്ടെത്തുകയായിരുന്നു. മത്സ്യ ട്രേകളില്‍ 40 പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മുഖ്യപ്രതിയായ ഷബീര്‍ ഉപ്പള അള്‍ത്താഫ് വധക്കേസിലെ പ്രതിയാണ്. കഞ്ചാവ് കൈവശം വയ്ക്കല്‍, കന്നുകാലി മോഷണം, ആയുധ നിയമപ്രകാരമുള്ള നിയമലംഘനങ്ങള്‍ എന്നിവയുള്‍പ്പെടെ 12 കേസുകളില്‍ കൂടി പ്രതിയാണ്. 23 കിലോ കഞ്ചാവ് കൈവശം വച്ചതിന് അജയ് കൃഷ്ണനെതിരെ ആറ് കേസുകളും, 200 കിലോ കഞ്ചാവ് കൈവശം വച്ചതിന് മഹേഷ് പാണ്ഡെയ്‌ക്കെതിരെയും, 65 കിലോ കഞ്ചാവ് കൈവശം വച്ചതിന് ജീവന്‍ സിങ്ങിനെതിരെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്.
