ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 18 പേര്‍ക്ക് ദാരുണാന്ത്യം. കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകള്‍ വൈകിയതോടെയാണ് അനിയന്ത്രിതമായ തിക്കും തിരക്കും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്‍മാരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ വച്ചാണ് മൂന്ന് മരിച്ചത്. ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് 14,15 പ്ലാറ്റ്ഫോമുകളിലാണ് തിക്കും തിരക്കുമുണ്ടായത്. പ്രയാഗ്രാജിലേക്ക് പോകുന്ന ട്രെയിനുകള്‍ ഈ പ്ലാറ്റ്ഫോമുകളിലാണ് നിര്‍ത്തിയിട്ടിരുന്നത്. തിരക്കേറിയതോടെ രക്ഷാപ്രവര്‍ത്തകരെ റെയില്‍വേ സ്റ്റേഷനിലേക്ക് വിന്യസിച്ചുവെന്നും പരുക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും പറഞ്ഞു. തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ ട്വീറ്റ് ചെയ്തു. അടിയന്തര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷണർക്കും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന നിർദേശം നൽകി. ലഫ്റ്റനന്റ് ഗവർണർ എൽഎൻജിപി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.
