
സുനില്‍കുമാര്‍ കരിച്ചേരി
(ട്രഷറര്‍, എ.കെ.എസ്.ടി.യു. കാസര്‍കോട് ജില്ലാ കമ്മിറ്റി)
കേരളത്തിലെ പ്രീ-പ്രൈമറി തലം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സര്‍വ്വ തലങ്ങളിലേയും അധ്യാപകരെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു).
കെ.ജി.പി.ടി. യൂണിയന്റെ വിഭജനശേഷം രൂപം കൊണ്ട ഡി.പി.ടി. യൂണിയന്‍ പിന്നീട് കൂടുതല്‍ അധ്യാപകരെ ഉള്‍ക്കൊള്ളാന്‍ ആകും വിധം ഗവണ്‍മെന്റ് അധ്യാപകരുടെ സമര സംഘടനയായ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ഡി.എസ്.ടി.യു) ആയും, എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ സംഘടനയായിരുന്ന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.എസ്.ടി.എ) ആയും വികാസം പ്രാപിച്ചു. 1996ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന പൊതു ലക്ഷ്യത്തെ മുന്‍ നിര്‍ത്തി മേല്‍ സംഘടനകള്‍ ഒന്നായി ചേര്‍ന്ന് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) പിറവിയെടുത്തു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച അധ്യാപക നേതാക്കളായ പി.ആര്‍ നമ്പ്യാരും, ടി.സി.നാരായണന്‍ നമ്പ്യാരും, പി.ടി.ഭാസ്‌ക്കര പണിക്കരും മാര്‍ഗ്ഗദര്‍ശകരായുള്ള,
ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്‍ക്കൊള്ളുന്ന അധ്യാപകരുടെ സമര സംഘടനയാണ് എ.കെ.എസ്.ടി.യു. പഠിക്കുക…. പഠിപ്പിക്കുക…. പോരാടുക എന്ന മര്‍മ്മപ്രധാനമായ മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടന അധ്യാപകരുടേയും പൊതുജനങ്ങളുടേയും പ്രിയ പ്രസ്ഥാനമാണിന്ന്. ദേശീയ തലത്തില്‍ എ.ഐ.എസ്.ടി.എഫിലും, അന്തര്‍ദേശീയ തലത്തിലെ അധ്യാപക കൂട്ടായ്മയിലും പ്രമുഖാംഗത്വം നമുക്കുണ്ടെന്നത് അഭിമാനകരമാണ്. അധ്യാപക വേദി എന്ന മുഖമാസികയിലൂടെ സംഘടന സന്ദേശം അധ്യാപക സമൂഹത്തില്‍ എത്തിക്കാനും നമുക്ക് സാധിക്കുന്നു.
അധ്യാപകര്‍ സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ അയച്ച് പഠിപ്പിക്കണമെന്ന ചങ്കൂറ്റത്തോടെയുള്ള നിലപാട് സ്വീകരിച്ച് അധ്യാപക സമൂഹത്തോട് ആഹ്വാനം ചെയ്യാനും അത് സംഘടനയില്‍ പ്രാവര്‍ത്തികമാക്കാനും സാധിച്ച കേരളത്തിലെ ഏക പുരോഗമന അധ്യാപക പ്രസ്ഥാനം എ.കെ.എസ്.ടി.യു മാത്രമാണ്. പൊതു വിദ്യാലയങ്ങള്‍ അനാദായകരമെന്ന പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ അത്തരം വിദ്യാലയങ്ങളെ രക്ഷിക്കാന്‍ അധ്യാപക ചങ്ങല സൃഷ്ടിച്ച് ചരിത്രത്തിലിടം നേടിയ നമ്മുടെ പ്രിയ പ്രസ്ഥാനം അധ്യാപകരുടെ ജോലി സംരക്ഷണത്തിനായി നടത്തിയ ത്യാഗ പൂര്‍ണ്ണ സഹന സമരങ്ങള്‍ അധ്യാപക-പൊതു സമൂഹം ഒരിക്കലും മറക്കില്ല.
വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗ്ഗീയ – കാവിവല്‍ക്കരണത്തിനുമെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സുകള്‍ നടത്തിയ നാം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരായ് നടത്തിയ അധ്യാപക ജ്വാല ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു. പുത്തന്‍ വിദ്യാഭ്യാസ നയത്തിനെതിരെ ഇനിയും മതേതര-പുരോഗമന ഐക്യ നിര വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
2016-ല്‍ അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ നാലു മിഷനുകളില്‍ ഒന്നായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിക്ക് സമൂര്‍ത്ത മാതൃക നല്‍കിയ പ്രസ്ഥാനം നമ്മളാണെന്നത് നല്‍കുന്ന അഭിമാനം ചെറുതല്ല. കുട്ടികള്‍ കുറഞ്ഞ 100 വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്ന മുന്നേറ്റം പദ്ധതി ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കിയ സംഘടനയാണ് എ.കെ.എസ്.ടി.യു. 2017 മെയ് 02 മുതല്‍ 16 വരെ തീയ്യതികളിലായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാം നടത്തിയ മുന്നേറ്റം പദയാത്ര അധ്യാപക പ്രസ്ഥാന ചരിത്രത്തിലെ ഒരു പുത്തന്‍ ചുവട് വെപ്പായിരുന്നു.
ദുരന്ത കാലത്ത് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു അധ്യാപക പ്രസ്ഥാനം എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നാം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍. 2018, 2019 പ്രളയ ദുരന്തനാളുകളിലും, 2020ലെ കോവിഡ് മഹാമാരിക്കാലത്തും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാകാന്‍ നമ്മുടെ പ്രിയ പ്രസ്ഥാനത്തിന് സാധിച്ചു. 2018 ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8 ലക്ഷം രൂപ നല്‍കിയ നാം അംഗങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും മുന്നില്‍ നിന്നു. പ്രളയത്തില്‍ ചെളികയറി മലിനമായ
വിദ്യാലയങ്ങളെ പഠന സജ്ജമാക്കാന്‍ നമ്മുടെ കര്‍മ്മസേന നടത്തിയ ഇടപെടലുകള്‍ വിദ്യാഭ്യാസ അധികാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസക്ക് വിധേയമായതാണ്. അവസാന ഘട്ടത്തില്‍ വയനാട് ചൂരല്‍മല ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് പ്രാദേശികമായി സഹായങ്ങള്‍ എത്തിക്കാനും, പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ആയത് എത്തിച്ചു നല്‍കാനും സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ നമുക്കായി. 5 ദിവസത്തെ ശമ്പളം അവര്‍ക്കായി മാറ്റിവെക്കാനും നമുക്കായി. പ്രളയാനന്തര കേരളത്തില്‍ ചെലവു കുറഞ്ഞ മേളകള്‍ക്ക് ഉദാത്ത മാതൃക സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചു. 2018ല്‍ നടന്ന ശാസ്ത്ര മേളയില്‍ സര്‍ക്കാര്‍ അനുവദിച്ച 8 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തിരികെ നല്‍കി സൗജന്യമായി ഭക്ഷണം വിളമ്പാന്‍ നമുക്കായി എന്നത് ഏറെ അഭിമാനകരമാണ്. കാഞ്ഞങ്ങാട് നടന്ന 60-ാം കേരള സംസ്ഥാന കലോത്സവത്തില്‍ സ്വീകരണ കമ്മിറ്റി ഏറ്റെടുത്ത നമുക്ക് അതിനെ ഒരു ജനകീയ കമ്മിറ്റി ആക്കി മാറ്റാനും വ്യത്യസ്തങ്ങളായ പുത്തന്‍ മാതൃകകള്‍ തീര്‍ക്കാനുമായി.
കോവിഡ്- 19 മഹാമാരിക്കാലത്ത്
നവമുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിന്‍ ഏറ്റെടുത്ത നാം ആദ്യ ഘട്ടത്തില്‍ തന്നെ സര്‍ക്കാരിന് കൈത്താങ്ങായി. 5 ലക്ഷം രൂപക്കുള്ള പി.പി.ഇ കിറ്റുകള്‍ സംഭാവന നല്‍കിയ നാം പതിനാലു ജില്ലകളിലുമായി ഒരു ലക്ഷം മാസ്‌കുകള്‍ ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കുമായി നല്‍കിയത്.
കോവിഡ്കാല വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയപ്പോള്‍ പഠന വിടവ് നികത്താനും, കുട്ടികള്‍ക്ക് മികച്ച പഠന പിന്തുണ നല്‍കാനുമായി ടി.വി, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ നല്‍കാനും പ്രാദേശിക പഠന വീടുകള്‍ ഒരുക്കാനും നമുക്ക് സാധിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്ത് പകരാന്‍ ‘അധ്യാപകരും കൃഷിയിലേക്ക്’ എന്ന നമ്മുടെ ക്യാമ്പയിന് കഴിഞ്ഞു. ഒട്ടനവധി പരിമിതികള്‍ ഉണ്ടായിട്ടും മഹാമാരിക്കാലത്തുള്‍പ്പെടെ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും, ചിന്താശേഷിയും പ്രോല്‍സാഹിപ്പിക്കാനായി നാം നടത്തിയ ഇടപെടലിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് എ.കെ.എസ്.ടി.യു. ജനയുഗം സഹപാഠി അറിവുല്‍സവങ്ങളുടെ മെച്ചപ്പെട്ട വിജയം.
അധ്യാപകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും ഉതകും വിധം ഭരിക്കുന്ന മുന്നണിയുടെ കൊടിയുടെ നിറം നോക്കാതെ ഇടപെട്ട ചരിത്രമാണ് നമുക്കുള്ളത്. 2013 ഏപ്രില്‍ 1 മുതല്‍ കേരളത്തിലും നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷനെതിരായ സമരങ്ങളില്‍ നാം ഇന്നും മുന്നില്‍ തന്നെയുണ്ട്. 2024 ഡിസം 10, 11 തീയ്യതികളില്‍ നടത്തിയ 36 മണിക്കൂര്‍ സത്യാഗ്രഹ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
സിവില്‍ സര്‍വ്വീസ് രംഗത്ത് നിലനില്‍ക്കുന്ന രൂക്ഷമായ വിഷയങ്ങള്‍ ഉയര്‍ത്തി അധ്യാപക സര്‍വ്വീസ് സംഘടന സമര സമിതി നേതൃത്വത്തില്‍ 2025 ജനുവരി 22ന് നാം നടത്തിയ പണിമുടക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
ജില്ലക്കകത്തെ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെടല്‍ നടത്തി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും, അധ്യാപകാനുകൂല നിലപാടുകള്‍ സ്വീകരിപ്പിക്കാനും നമുക്ക് സാധിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. അതിനുള്ള അംഗീകാരമാണ് സമ്മേളന ഫണ്ട് പിരിവില്‍ ജില്ലയിലെ 687 സ്‌കൂളുകളിലെ അധ്യാപക സുഹൃത്തുക്കള്‍ നമ്മോട് കാണിച്ച കൂറും സ്‌നേഹവും ചേര്‍ത്തു പിടിക്കലും. സമ്മേളന സന്ദേശം ജില്ലയിലെ 100% സ്‌കൂളുകളിലും എത്തിക്കാനായി എന്നത് ഏറെ അഭിമാനകരമാണ്. എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.
ഇത്തരം പോരാട്ടങ്ങള്‍ക്ക് നമുക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ, ജില്ലയില്‍ നമ്മുടെ പ്രസ്ഥാനത്തെ നയിച്ച പൂര്‍വ്വസൂരികളെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
ജില്ലയിലും സംസ്ഥാനത്തും അധ്യാപകരുടെ പ്രിയ പ്രസ്ഥാനമായി ഇനിയുമേറെ മുന്നേറാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിലേക്കുള്ള തുടക്കമായി 2025 ഫെബ്രുവരി 13, 14, 15 തീയ്യതികളിലായി കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംഘടനയുടെ 28-ാം വാര്‍ഷിക സമ്മേളനം മാറുമെന്ന് നമുക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം. മുഴുവന്‍ അധ്യാപക സുഹൃത്തുക്കളുടേയും ആത്മാര്‍ത്ഥമായ പിന്തുണയോടെ ജനപക്ഷം ചേര്‍ന്ന്, അധ്യാപക പക്ഷം, ചേര്‍ന്ന് എ.കെ.എസ്.ടി.യു പ്രസ്ഥാനം ഇനിയുമേറേ മുന്നേറുമെന്ന് നമുക്ക് പ്രത്യാശിക്കാം…