റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍ റഹീമും കുടുംബവും നിയമ സഹായ സമിതിയും.
കഴിഞ്ഞ തവണയും ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍ നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. 2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്.
അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതിനാല്‍ ജയില്‍ മോചനം അനിശ്ചിതമായി നീളുകയാണ്. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോള്‍ 19 ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2006 ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്.
