സതീശന്‍നരിക്കുട്ടി പച്ച
എന്റെ മാതാവിന്റെ അടുത്ത സുഹൃത്ത് സുശീലയുടെ മകന്‍, എന്റെ ഭാര്യയുടെ ക്ലാസ്‌മേറ്റ് ഇത്രയും സതീശനെക്കുറിച്ചറിയാം. അവന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത് കൂക്കാനം വഴി നടന്നു പോകുന്ന സുന്ദരനായ : സതീശനെ കണ്ടതും ഓര്‍മ്മയുണ്ട്. സതീശ നെക്കുറിച്ച് അവന്റെ ബന്ധുക്കള്‍ വഴി അറിയാറുണ്ട്. അവന്റെ മൂത്തമ്മ കൗസല്യ ടീച്ചര്‍ ഞങ്ങളുടെ അയല്‍പക്കക്കാരിയാണ്. ടീച്ചറുടെ മക്കളായ പ്രഭാകരന്‍ മാഷ്, എന്റെ ക്ലാസ്‌മേറ്റ് രവി എന്നിവര്‍ സതീശനെ കുറിച്ച് പറയാറുണ്ട്. വളരെ ചെറുപ്പത്തിലേ എയര്‍ ഫോര്‍ സില്‍ ജോലി കിട്ടിയെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് അറിയുന്നത് ആസ്‌ത്രേലിയയിലാണ് സെറ്റില്‍ ചെയ്തത് എന്നാണ്. രണ്ടു വര്‍ഷം മുമ്പ് പഴയ പത്താം ക്ലാസ് പഠിതാക്കളുടെ കൂടിച്ചേരലില്‍ സതീശനും പങ്കെടുത്തിരുന്നു എന്ന് ടി.എ. ജ ബ്ബാറും എന്റെ ഭാര്യ സുഹറയും പറഞ്ഞു.
ഇതിനിടയില്‍ ‘ Zero to Zero’ എന്നൊരു യാത്രാവിവരണ പുസ്തകം സതീശന്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞു. നാട്ടുകാരന്‍ രചിച്ച പ്രസ്തുത പുസ്തകം കാണാനും വായിക്കാനും ആഗ്രഹം തോന്നി. അങ്ങിനെ എന്റെ ആഗ്രഹത്തെ പൂവണിയിച്ചു കൊണ്ട് രണ്ടു വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച അറ്ന്നൂറിലധികം പേജുള്ള പുസ്തകം എന്റെ കൈകളിലെത്തി. വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ടില്ലെങ്കിലും സതീശന്റെ ഓര്‍മ്മയില്‍ ഞാനുണ്ട് എന്നതിനാലാവാം ഒരു സ്‌പെഷല്‍മെസഞ്ചര്‍ മുഖേന ഈ ഗ്രന്ഥം കൊടുത്തു വിട്ടത്.

പുസ്തകം കയ്യില്‍ കിട്ടിയ ഉടനെ ആകാംക്ഷയോടെ തുറന്നു നോക്കി. കരിവെള്ളൂരിലെ ഒരു ഉള്‍പ്രദേശമായ ‘ക്ടാമ്പില്‍ ‘ ദേശത്ത് നിന്ന് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന നാട്ടുകാരനെക്കുറിച്ചറിയാനുള്ള വ്യഗ്രതയായിരുന്നു എന്നില്‍. ഒറ്റയിരുപ്പില്‍ അമ്പതോളം പേജുകളിലൂടെ കടന്നുപോയി. ഒരൊറ്റ ട്രൗസറും കുപ്പായവുമായി ഇട്ടു പോയ പ്രൈമറി ക്ലാസ്പഠനവും, സ്‌കൂളിലെ അധ്യാപകനായിരുന്ന അമ്മാവന് സിഗരറ്റ് വാങ്ങിക്കൊണ്ടു വരാന്‍ കടയിലേക്കുള്ള ഓട്ടവും കൃത്യമായി ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഫുട്ബാള്‍ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ തുണിക്കഷണങ്ങള്‍ ചുരുട്ടിക്കെട്ടി പന്തുണ്ടാക്കിക്കളിച്ചതും, ഫുട്ബാള്‍ തന്നെ വേണം എന്നാഗ്രഹം മൂലം സ്‌കൂളില്‍ നിന്ന് ചുളുവില്‍ ഫുട്ബാള്‍ എന്ന ധാരണയില്‍ വോളിബോള്‍ മോഷ്ടിച്ചു കൊണ്ടു പോയി വഷളായതും ഹൃദയസപര്‍ശിയായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് ട്രയിന്‍ യാത്ര ചെയ്യാനു ള്ള മോഹം മൂലം കൂട്ടുകാരനുമൊത്ത് പയ്യന്നൂര്‍ മുതല്‍ ചെറുവത്തൂര്‍ വരെ ടിക്കറ്റില്ലാതെ ടി.ടി.ആറിനെ ഭയന്ന് ടോയ്‌ലറ്റില്‍ കയറി ഒളിച്ചതും വായിക്കുമ്പോള്‍ സത്യസന്ധമായി കാര്യങ്ങള്‍ എഴുതാ ന്നുള്ള നല്ല മനസ്സിനെ അഭിനന്ദിച്ചേ പറ്റൂ.
കോളേജ് പഠന ശേഷം ഇന്ത്യന്‍ എയര്‍ ഫോര്‍ സില്‍ജോലിക്കു കയറി ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുകയായിരുന്നു. ആസ്ത്രേലിയന്‍ പൗരത്വം സ്വീകരിച്ച്അവിടെ തന്നെ താമസമാക്കി. പഠനത്തില്‍ മുന്നേറ്റം കുറിച്ചു കൊണ്ട് സിഡ്‌നി യൂണിവേര്‍സിറ്റിയില്‍ നിന്ന് സൈക്കോളജിയില്ലം, സോഷ്യല്‍ വര്‍ക്കിലും ഉന്നതബിരുദംസമ്പാദിച്ചു. തുടര്‍ന്ന് അവിടെ തന്നെ ടീച്ചിംഗ് പ്രൊഫഷന്‍ സ്വീകരിച്ചു കൊണ്ട് പത്തുവര്‍ഷത്തോളം കഴിച്ചു. വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പഠനത്തിലൂടെയും അനുഭവത്തിലൂടെയും കടന്നുപോയപ്പോള്‍ ആഴമേറിയ അറിവ് ലഭിച്ചു. പരസ്പര സ്‌നേഹ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതമാണ് സ്ത്രീ- പുരുഷ ബന്ധത്തിലൂടെ ഉണ്ടാവേണ്ടതെന്നും അല്ലാതെ ആധിപത്യ സ്വഭാവം വെച്ചുപുലര്‍ത്തുന്ന രീതിയിലല്ല ‘ആണ്‍ പെണ്‍ ഒരുമിച്ചുള്ള ജീവിതം കൊണ്ടുപോകേണ്ടതെന്നും തീരുമാനിച്ചു. അതു കൊണ്ടുതന്നെ ഒരു വിമാന യാത്രാവേളയില്‍ പരിചയപ്പെട്ട വിയറ്റ്‌നാംകാ രിയും ആസ്‌ത്രേലിയയില്‍ താമസക്കാരിയുമായ ലീ എന്ന സ്ത്രീയുമൊത്താണ് ഇന്ന് ജീവിച്ചു വരുന്നത്.
യോഗാപരിശീലനവും പഠനവുമായി ഇന്ന് ലോക രാജ്യങ്ങള്‍ മുഴുക്കെ സഞ്ചരിക്കുകയും യോഗയില്‍ നൂറുകണക്കിന് ശിഷ്യഗണങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു വരികയാണ്.
ആരാലും അറിയപ്പെടാത്ത ക്ടാമ്പ് എന്ന കുഗ്രാമത്തില്‍ നിന്ന് ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ബാല്യകൗമാര കാലം പിന്നിട്ട സതീശന്‍നരിക്കുട്ടി പച്ച എന്ന വ്യക്തി ലോകശ്രദ്ധ പിടിച്ചു പറ്റും വിധത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്നു എന്നതില്‍ നാട്ടുകാരായ നമുക്കൊക്കെ അഭിമാനിക്കാം.