കാസര്‍കോട്: കൊളത്തൂര്‍, മടന്തക്കോട്ട് മാളത്തില്‍ കാണപ്പെട്ട പുലി രക്ഷപ്പെട്ടതോടെ നാട് കനത്ത ഭീതിയിലും ആശങ്കയിലും. ബുധനാഴ്ച വൈകുന്നേരത്തോടെ കാണപ്പെട്ട പുലി വ്യാഴാഴ്ച പുലര്‍ച്ചെയാണ് രക്ഷപ്പെട്ടത്. പുലി രക്ഷപ്പെടാതിരിക്കാന്‍ നാട്ടുകാര്‍ മാളത്തിന്റെ കവാടത്തില്‍ കല്ലുകള്‍ വച്ചു അടച്ചിരുന്നു. പുലിയെ മയക്കുവെടി വച്ച് പിടികൂടാനായി ഈ കല്ലുകള്‍ നീക്കിയതിനു തൊട്ടു പിന്നാലെ പുലി ഇറങ്ങിയോടുകയായിരുന്നുവെന്നും മയക്കുവെടി വച്ചുവെങ്കിലും കൊണ്ടില്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. മാളത്തില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടതോടെ വലിയ ഭീതിയിലാണ് നാട്ടുകാര്‍. കുട്ടികള്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു. അതേ സമയം വ്യാഴാഴ്ച ഉച്ചയോടെ കൂടുതല്‍ വനപാലകരെത്തി മടന്തക്കോടും പരിസരങ്ങളിലും വ്യാപകമായ തെരച്ചില്‍ തുടരുകയാണ്. മയക്കുവെടി വിദഗ്ധരും സ്ഥലത്ത് തുടരുകയാണ്. പുലിയുടെ ദേഹത്ത് പന്നിക്കെണി ഉള്ളതിനാല്‍ കൂടുതല്‍ ദൂരേക്ക് പോയിട്ടുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതേ സമയം പുലി രക്ഷപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പെര്‍ളടുക്കത്ത് വ്യാഴാഴ്ച വൈകിട്ട് പ്രകടനം നടത്തും.
ഇതിനിടയില്‍ ഒയോലത്ത് മുള്ളന്‍ പന്നിയെ കൊന്നിട്ട നിലയില്‍ കണ്ടെത്തി. പകുതി തിന്ന നിലയിലാണ് ജഡം.