കാസര്‍കോട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രക്കാനത്തെ എഞ്ചിനീയര്‍ എന്‍. മുകേഷിന്റെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണ്ണവും 4 കിലോ തൂക്കമുള്ള വെള്ളിപ്പാത്രങ്ങളും കവര്‍ച്ച ചെയ്ത് കടന്നു കളഞ്ഞ ദമ്പതികളും സംഘവും അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരാണെന്നു സൂചന. കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനരീതിയില്‍ നടന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ് ദമ്പതികളെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. സംഘത്തെ ഒരിക്കല്‍ പോലും അറസ്റ്റു ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അതാണ് സമാന രീതിയിലുള്ള കവര്‍ച്ചകള്‍ നടത്താന്‍ വീണ്ടും സംഘത്തിനു അവസരമൊരുക്കിയതെന്നാണ് കേരള പൊലീസിന്റെ വിലയിരുത്തല്‍. വ്യാജരേഖകള്‍ ചമച്ചാണ് നേപ്പാള്‍ സ്വദേശികളായ ചത്രസാഗിയും, ഭാര്യ ഇഷ ചൗധരി അഗര്‍വാളും ഇന്ത്യയില്‍ എത്തിയത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച ശേഷം പ്രദേശവാസികളുടെ സഹായത്തോടെ സിംകാര്‍ഡുകള്‍ കൈക്കലാക്കി സംഘം പിന്നീട് മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു. ചീമേനി മോഡലില്‍ മഹാരാഷ്ട്രയില്‍ കവര്‍ച്ചകള്‍ നടത്തിയ സംഘം പിന്നീട് കര്‍ണ്ണാടകയിലെത്തി. പശു ഫാമുകളില്‍ ജോലിക്കാരായി എത്തിയ സംഘം അവിടെയും കവര്‍ച്ച നടത്തി കര്‍ണ്ണാടകയിലെ മറ്റൊരു ഫാമില്‍ ജോലിക്കാരായി തുടരുന്നതിനിടയിലാണ് ഒരു മലയാളി വഴി ദമ്പതികള്‍ ചീമേനിയിലെ എഞ്ചിനീയറുടെ പശുത്തൊഴുത്തില്‍ ജോലിക്കെത്തിയത്. പ്രസ്തുത മലയാളിയെ പൊലീസ് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തു. മറ്റൊരു പരിചയക്കാരന്‍ വഴിയാണ് ദമ്പതികളെ പരിചയപ്പെട്ടതെന്നാണ് മലയാളി യുവാവ് പൊലീസിനു നല്‍കിയ മൊഴി.
അതേ സമയം ചീമേനിയിലെ കവര്‍ച്ചയ്ക്കു ശേഷം കടന്നു കളഞ്ഞ ദമ്പതികളെ തേടി പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/SDgASdg.jpg)