വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് 1980ല്‍ കാസര്‍കോടന്‍ മലയോര മേഖലയില്‍ കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്ന കാലം. ബദിയടുക്ക പഞ്ചായത്തിലെ എസ്.ടി.വിഭാഗക്കാരായ കൊറഗ, മറാഠി, പഠിതാക്കള്‍ക്കായിരുന്നു വീടുകള്‍ കേന്ദ്രീകരിച്ച് സാക്ഷരതാ ക്ലാസുകള്‍ നടത്തിയിരുന്നത്.
അവര്‍ക്ക് തുളു, കന്നട, എന്നീ ഭാഷകളറിയും. പക്ഷെ മലയാളം അല്‍പം സംസാരിക്കാന്‍ മാത്രമേ അറിയുള്ളു.
നമ്മള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ അവര്‍ക്ക് മനസ്സിലാവുകയും ചെയ്യും. അവരെ കന്നഡയിലോ മലയാളത്തിലോ എഴുത്തും വായനയും പഠിപ്പിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തകരെ അവരുടെ ഇടയില്‍ നിന്നു തന്നെ കണ്ടെത്തണം.
അവര്‍ക്ക് പരിശീലനം നല്‍കി അതിനുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കുകയും വേണം.
അതാണ് ഞങ്ങളുടെ ചുമതല. അങ്ങനെ അതിന് അനുയോജ്യരായ മുപ്പതോളം പ്രവര്‍ത്തകരെ ഞങ്ങള്‍ അവരില്‍ നിന്ന് തന്നെ കണ്ടെത്തി. അവര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനവും നല്‍കി. അതിന് ഈ മൂന്ന് ഭാഷകളുമറിയുന്ന
സെല്ലി ക്രാസ്റ്റ, രാമപ്പ,വിജയന്‍, ശ്രീനാഥ്, എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനുളള ക്ലാസ് ഞാനായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അതില്‍ മറാഠി വിഭാഗത്തില്‍ പെട്ട സീതാറാം എന്ന യുവാവ് ഏറെ താല്‍പര്യപൂര്‍വ്വം പ്രസ്തുത പരിപാടിയില്‍ ആകൃഷ്ടനായി.
എന്നെക്കുറിച്ചറിയാനും എന്റെ നാടും വീടും കാണാനും അവന്‍ വല്ലാത്ത താല്‍പര്യം പ്രകടിപ്പിക്കുമായിരുന്നു.
പോരാത്തതിന് അവന്‍ നല്ലൊരു കര്‍ഷകനുമായിരുന്നു. ആള്‍ക്ക് നല്ലൊരു അടയ്ക്കാ തോട്ടവുമുണ്ട്.
ആ വിഭാഗത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരില്‍ ഒരാളായിരുന്നു സീതാറാം. വെളുത്ത് നീണ്ടു മെലിഞ്ഞ പ്രകൃതം. എങ്കിലും ആള് നല്ലൊരു ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു.
എന്റെ താമസ സ്ഥലമായ കരിവെള്ളൂരില്‍ നിന്ന് എഴുപത് കിലോമീറ്ററോളം ബസ്സില്‍ യാത്ര ചെയ്താണ്, ഞാന്‍ ഇവിടെയെത്തുന്നത് എന്നൊക്കെ സൂചിപ്പിച്ചപ്പോള്‍ എന്നോട് അവന് പ്രത്യേക മമത തോന്നിക്കാണണം. ബസ്സ് റൂട്ടും ഇറങ്ങേണ്ട സ്ഥലവും മറ്റും അവനൊരിക്കല്‍ ഞാന്‍ വെറുതെ പറഞ്ഞു കൊടുത്തിരുന്നു. ഒരുദിവസം അത്രയും അകലെ നിന്ന് അവനെന്നെ തേടി എന്റെ നാട്ടിലും ഒടുവില്‍ വീട്ടിലുമെത്തി. സത്യത്തില്‍ അവനെ കണ്ട ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടു. അവന്‍ വരുമെന്ന് ഞാനൊട്ടും കരുതിയതേയില്ല. ഒരു സൂചന പോലും തരാതെയാണ് അവന്റെ വരവും.
അന്നൊരു ഞായറാഴ്ചയായിരുന്നു. ഉച്ചകഴിഞ്ഞ നേരത്താണ് ആള് കയറി വന്നത്. ഞാന്‍ സ്നേഹത്തോടെ അവനെ സ്വീകരിച്ചിരുത്തി. സംസാരത്തിനിടയില്‍ അല്‍പം പരുങ്ങലോടെ അവന്‍ എന്നോടൊരു കാര്യം പറഞ്ഞു.
‘ഞാന്‍ സാറിന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. അത് ഉപേക്ഷ കൂടാതെ സ്വീകരിക്കണം’
അത് കേട്ടപ്പൊ ഞാനത്ഭുതത്തോടെ അവനെ നോക്കി.
‘സാറിന് രണ്ടു മക്കളല്ലേ ഉള്ളത്?’
‘അതേ’
അവന്റെ കയ്യിലുണ്ടായിരുന്ന ഷോപ്പര്‍ തുറന്നു. ഞാന്‍ ആകാംക്ഷയോടെ നോക്കി. ‘ഇത് രണ്ടു കവുങ്ങിന്‍ തൈയാണ് സാര്‍.’ ഇരുകയ്യും നീട്ടി സന്തോഷത്തോടെ ഞാനത് വാങ്ങി. അവന്‍ വീണ്ടും തുടര്‍ന്നു.
‘ ഇത് ഒരു പ്രത്യേക തരം കവുങ്ങിന്‍ തൈയാണ്. ദീര്‍ഘകാലം നശിക്കാതെ നില്‍ക്കും. എവിടെയാണ് നടേണ്ടതെന്ന് സാര്‍ പറഞ്ഞാല്‍ മതി ഞാന്‍ നട്ടു തരാം. സാറിന്റെ മക്കളെ പോലെ ഈ ചെടികളെ പരിപാലിക്കണം കേട്ടോ.’
ഞാനത് സമ്മതിക്കുകയും ചെയ്തു.
അങ്ങനെ അടുക്കള ഭാഗത്തെ മുറ്റത്ത് അവന്‍ തന്നെ കുഴിയെടുത്ത് രണ്ടു കവുങ്ങിന്‍ തൈകളും വച്ചു തന്നു. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ അവന്‍ തിരിച്ചു പോവുകയും ചെയ്തു.
കേവലം മൂന്ന് വര്‍ഷം കഴിഞ്ഞതേയുളളു. കവുങ്ങ് കായ്ക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞത് പോലെ നല്ല വലുപ്പമുള്ള അടക്കയാണ് കായ്ച്ചത്. നിറയെ അവ കായ്ച്ചു നില്‍ക്കുന്ന ആ കാഴ്ച കാണാന്‍ തന്നെ നല്ല ഭംഗിയായിരുന്നു.
ഞങ്ങളുടെ പറമ്പില്‍ ആദ്യമായാണ് കവുങ്ങ് വെച്ചത്. ഫലപുഷ്ടി കണ്ടപ്പോള്‍ ഞങ്ങള്‍ അതിന്റെ അടയ്ക്ക വിത്തിന് വെച്ചു.
പിറ്റേത്തെ വര്‍ഷം അത് പാകി മുളപ്പിച്ച കവുങ്ങിന്‍ തൈകള്‍ പറമ്പിന്റെ ഒരു ഭാഗത്ത് മുഴുവന്‍ നട്ടു പിടിപ്പിച്ചു.
ഒരു ചെറിയ അടയ്ക്കാ തോട്ടം. ഇപ്പോഴും അതില്‍ നിന്ന് നല്ല വിളവു കിട്ടുന്നുണ്ട്. ആ അടക്കമരം വിളഞ്ഞു നില്‍ക്കുന്നതു കാണുമ്പോഴും വിളവെടുക്കുമ്പോഴുമൊക്കെ ഞാന്‍ സീതാ റാമിനെ ഓര്‍ക്കും. നാല് പതിറ്റാണ്ടിന് മുമ്പ് ഒരു അഭ്യുദയകാംക്ഷിയായി എന്റെ ജീവിതത്തിലേക്ക് വന്ന ആ നല്ല മനുഷ്യനെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.
എങ്കിലും സീതാറാമെന്ന വെളുത്ത ഷര്‍ട്ടും മുണ്ടും ധരിക്കുന്ന കര്‍ഷകനായ ആ സീതാറാമിനെ ഞാനിന്നും ഓര്‍ക്കുന്നു.

👌 Super……