വസൂരി കുത്തിവെപ്പ് എന്നു കേട്ടിട്ടുണ്ടോ? വസൂരി കുത്തിവെച്ചത് കണ്ടിട്ടുണ്ടോ? അറുപത് -എഴുപത് കഴിഞ്ഞവര്‍ക്ക് ഈ കുത്തിവെപ്പ് നടത്തിയിട്ടുണ്ടാവും. അതിന്റെ വേദന അനുഭവിച്ചത് ഓര്‍മ്മയില്‍ വരും. അടയാളം ഇപ്പോഴും ഇടത്തേ കൈ തണ്ടയില്‍ കാണാം. ഓലാട്ട് എ.യു.പി. സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഇതിന്റെ വേദന അറിഞ്ഞത്. എഴുപത്തിനാലില്‍ എത്തിയിട്ടും അടയാളം അതേ പോലുണ്ട്. ‘വസൂരി കുത്തിവെക്കുന്ന ആള്‍ക്കാര്‍ വന്നിട്ടുണ്ട്’ എന്ന് കുട്ടികള്‍ പരസ്പരം പറയാന്‍ തുടങ്ങി. സൂചി വെക്കുന്നു എന്ന് കേട്ടാല്‍ തന്നെ പേടിയാവുന്ന കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. ഭട്ടതിരി മാഷാണ് ക്ലാസ് മാഷ്. കുട്ടികളായ ഞങ്ങള്‍ കരയാന്‍ തുടങ്ങി. മാഷിനും അതു കാണുമ്പോള്‍ സങ്കടം തോന്നി. ഭട്ടതിരി മാഷിന്റെ മരുമകള്‍ ‘പൊന്നു’ എന്ന് വിളിക്കുന്ന സുന്ദരിക്കുട്ടിയും കരയാന്‍ തുടങ്ങി. അവള്‍ക്കും വസൂരി കുത്തി വെക്കുന്നുവെങ്കില്‍ ഞാനും അതിനു തയ്യാറായി. ഒന്നാം ക്ലാസിലെ കുട്ടികള്‍ ഇന്‍ഞ്ചക്ഷന്‍ എടുത്തു കരഞ്ഞു കൊണ്ട് വരുന്നത് രണ്ടാം ക്ലാസുകാരായ ഞങ്ങള്‍ കണ്ടു. അതു കണ്ടപ്പോള്‍ ഞങ്ങളുടെ ഊഴം ഇപ്പം വരും എന്നറിഞ്ഞു നെഞ്ചിടിപ്പ് കൂടിക്കൂടിവന്നു. ക്ലാസിലെ കുരുത്തം കെട്ട പച്ചി ഗോപാലന്‍ സ്ലേറ്റും എടുത്തു ഓടി, അവന്റെ ഒപ്പം കൃഷ്ണനും ഓടി. അവര്‍ ഓടി പോയത് മാഷ് കണ്ടില്ല. രണ്ടാം ക്ലാസുകാരെ വരിയായി നിര്‍ത്തി. വെള്ള ഉടുപ്പിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും മേശക്ക് ചുറ്റും ഇരിക്കുന്നുണ്ട്. മേശ മേല്‍ എന്തൊക്കെയോ നിരത്തി വെച്ചിട്ടുണ്ട്. ഓരോ കുട്ടിയെ മാഷ് കൈപിടിച്ച് മേശയുടെ അടുത്തേക്ക് കൊണ്ടുപോകുന്നു. കരഞ്ഞു കൊണ്ടുപോയ കുട്ടി കുത്തിവെക്കുമ്പോള്‍ നിലവിളിക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ വരിയില്‍ നില്‍ക്കുന്ന ഞങ്ങളുടെ കരച്ചിലും ഉറക്കെയായി.
എന്റെ ഊഴമെത്തി. കരഞ്ഞു പറഞ്ഞു ‘എനിക്ക് കുത്തിവെക്കെണ്ടാ’
‘ഇല്ല കുത്തുന്നില്ല മോന്‍ കണ്ണടച്ചു നിന്നാല്‍ മതി.’
ഞാന്‍ കണ്ണടച്ചു. എന്റെ ഇടത്തേ കൈത്തണ്ടയില്‍ എന്തോ മരുന്ന് പുരട്ടുന്നുണ്ട്. അവിടെ തണുപ്പു തോന്നി. പെട്ടെന്ന് തൊലി മുറിക്കുന്നത് പോലെ തോന്നി. വല്ലാത്ത വേദന. അലമുറയിട്ടു കരഞ്ഞു.
ഇടക്ക് കണ്ണുതുറന്ന് നോക്കിയപ്പോള്‍ തൊലിയിലിട്ട് കറക്കുന്ന ആ സാധനം കണ്ടു. വട്ടത്തില്‍ ഉള്ള ഒരുവസ്തുവില്‍ രണ്ടോമൂന്നോ ചെറിയ സൂചി. അത് കൈത്തണ്ടയില്‍ കുത്തിയിറക്കി ഒറ്റ കറക്കലാണ്. മുറിവ് ഉണങ്ങാന്‍ സമയമെടുക്കും. പനി വന്നു. എന്തോ ഒരു മരുന്ന് മുറിയില്‍ പുരട്ടാന്‍ തന്നിരുന്നു. ആഴ്ചകളെടുത്തു മുറിവ് ഉണങ്ങാന്‍. അങ്ങനെ ജീവിതാവസാനം വരെ മാഞ്ഞുപോകാത്ത രണ്ടടയാളം ഇടതുകൈത്തണ്ടയിലുണ്ടായി. വസൂരി കുത്തിവപ്പ് നടത്തിയ ആള്‍ക്ക് വസൂരി രോഗം വരില്ല. ഇത്തരം കുത്തിവെപ്പുകള്‍ ഇപ്പോഴില്ല. വസൂരി രോഗവും ഇല്ലാ എന്നാണ് അറിയുന്നത്. വസൂരി രോഗം പിടിപെട്ടാല്‍ ആ രോഗിയെ മാറ്റി പാര്‍പ്പിക്കുന്ന ഏര്‍പ്പാടാണ് അന്നുണ്ടായിരുന്നത്. ദേഹമാകെ കപ്ലം വരും. അത് പൊട്ടിയൊലിക്കും. വേദന സഹിക്കാന്‍ പറ്റില്ല. ഇലയില്‍ കിടത്തും. മല്ലി വെള്ളമാണോ കുരുമുളക് വെള്ളമാണോ എന്നറിയില്ല ദേഹത്ത് ധാര ചെയ്യും. ഈ രോഗം പിടിപെട്ട് രക്ഷപ്പെട്ട വ്യക്തികളെ കണ്ടാലറിയും. മുഖത്തും ദേഹമാസകലവും മായാത്ത കറുത്തപാടുകളുണ്ടാവും.
ഇന്നും ഗുരുതരമല്ലാത്ത രീതിയില്‍ സ്മാള്‍ പോക്‌സ് രോഗം വരുന്നുണ്ട്. എന്റെ വീടിനടുത്ത വീട്ടില്‍ രണ്ടു പേര്‍ക്ക് രോഗം വന്നു. അലോപ്പതി ചികില്‍സ കൊണ്ട് രോഗം പെട്ടെന്ന് ഭേദമായി. പണ്ടേ പോലുള്ള ഭയം ഈ രോഗത്തോട് ഇന്നില്ല.
