ആണ്ടി മുസോറും പാറ്റേട്ടിയും

പ്രക്കാനം പ്രദേശത്തെ പ്രമുഖനായ കൃഷിക്കാരനായിരുന്നു. ആണ്ടി മുസോര്‍. ഇരുപത് പൊതിപ്പാട് പുഞ്ചക്കണ്ടവും പത്തേക്കറോളം പുരയിടവുമുണ്ടായിരുന്നു.
രണ്ട് ജോഡി കാളകളുണ്ട്, കറവപശുക്കളുണ്ട്. ഇതിന്റെയൊക്കെ പരിപാലനം ആണ്ടി മുസോര്‍ക്ക് തന്നെ. നേരം പരാപരാ വെളുക്കുമ്പോഴെക്കും തന്റെ പത്താം നമ്പര്‍ മുണ്ടുടുത്ത് തലയില്‍ കൊട്ടമ്പാളയും തിരുകി പുറത്തിറങ്ങും. ദേഹത്തണിയുന്നത് വെള്ള കോണകവും പത്താം നമ്പര്‍ മുണ്ടും മാത്രം. ഏത് തണുപ്പിലും കുപ്പായമിടില്ല. ചെറുപ്പത്തിലേ കഷണ്ടി കയറിയിട്ടുണ്ട്. രാവിലെ കറവും കഴിഞ്ഞ് എരുതുകളെയും പശുക്കളെയും മേയാന്‍ വേണ്ടി കുറവന്‍ കുന്നിലേക്ക് അഴിച്ചു വിടും. അടുത്തടുത്ത വീടുകളിലെ കാലികളെയും അഴിച്ചു വിട്ടിട്ടുണ്ടാവും. കിളയിലൂടെ അവറ്റകള്‍ കിഴക്കുഭാഗത്തുള്ള കുന്നിന്‍മുകളിലേക്ക് ചെല്ലും. ആരും തെളിച്ചു കൊണ്ടുപോവുകയൊന്നും വേണ്ട. പുല്‍മേടിനെ ലക്ഷ്യമാക്കി അവ പൊയ്ക്കൊള്ളും. ഇടയ്ക്ക് ചെറിയ പോരുകളൊക്കെ ഇവ തമ്മില്‍ ഉണ്ടാവും. കുന്നിന്‍മുകളില്‍ പച്ച വിരിച്ച പോലെ തോന്നിക്കുന്ന പുല്ല് തഴച്ചുവളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇടയ്ക്ക് കരിമ്പാറ കൂട്ടങ്ങളുണ്ട്. അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്ന ചെറിയ മരങ്ങളും കുറ്റിക്കാടുകളുമുണ്ട്. ഇവയ്ക്കു കുടിക്കാന്‍ വെള്ളം കെട്ടിനില്‍ക്കുന്ന ജലാശയങ്ങളുമുണ്ട്. പുല്ല് മേഞ്ഞ് വെള്ളവും കുടിച്ച് മരത്തണലില്‍ സുഖമായി വിശ്രമിക്കുകയും ചെയ്യും. സ്‌കൂളില്‍ പോകാത്ത ആണ്‍കുട്ടികള്‍ കാലികളെ മേയ്ക്കാന്‍ എന്ന പേരില്‍ കുന്നിന്‍ പുറത്തേക്ക് പോകും. രണ്ടോ മൂന്നോ പേരുണ്ടാകും ചിലപ്പോള്‍. അവരുടെ കളിയും ചിരിയും അവിടമാകെ മുഖരിതമാവും. മുള്ളുംപഴം പറിച്ചുതിന്നും ജലാശയങ്ങളിലെ വെള്ളം കുടിച്ചും അവര്‍ സന്തോഷിക്കും. കാലികളുടെ കഴുത്തില്‍ മരംകൊണ്ട് നിര്‍മ്മിച്ച തട്ടകെട്ടിയിട്ടുണ്ടാവും. നടക്കുമ്പോള്‍ തട്ടയുടെ ശബ്ദം വളരെ ദൂരം വരെ കേള്‍ക്കും. സന്ധ്യ മയങ്ങാറാവുമ്പോള്‍ കാലികള്‍ കൂട്ടമായി മലയിറങ്ങി വന്നു പറമ്പിലെ ആലയുടെ അടുത്തെത്തും. അവയെ ആലയില്‍ കെട്ടിയിടാന്‍ വീട്ടുകാരൊക്ക റെഡിയായി നില്‍പ്പുണ്ടാവും.
ചെറിയൊരു വീടായിരുന്നു ആണ്ടി മുസോറുടേത്. ദേശത്തെ എല്ലാവരുടേതും ചെറിയ വീടുകളായിരുന്നു മിക്കവരുടേതും പുല്ലു മേഞ്ഞ വീടുകളായിരുന്നു. ആണ്ടിയുടേത് ഓടു മേഞ്ഞ വീടാണ്. ഇരുപത്തിയഞ്ചില പുടമുറി നടന്നിരുന്നു. പ്രദേശത്തെ നല്ലൊരു കൃഷിക്കാരന്റെ മകള്‍ പാറ്റ എന്ന് പേരായ സുന്ദരി സ്ത്രീയായിരുന്നു ആണ്ടിയുടെ ഭാര്യ. അന്ന് പെണ്ണിനെ കിട്ടുക എളുപ്പമായിരുന്നു. അധ്വാനിക്കാന്‍ പറ്റുന്ന ആരോഗ്യമുള്ളവളാണോ പെണ്ണ് എന്നേ നോക്കൂ. പാറ്റ ഇരു നിറക്കാരിയായിരുന്നു. ഒരണ പുടവ മാത്രമാണ് ധരിക്കാറ്. മാറു മറക്കാതെയാണ് ഉണ്ടാവുക. നല്ല അധ്വാനിയാണ്. ആണ്ടിക്ക് യോജിച്ച സ്ത്രീയായിരുന്നു. എല്ലാവരെക്കൊണ്ടും നല്ലതു പറയിച്ചും.,അയല്‍പക്ക ബന്ധം കാത്തുസൂക്ഷിച്ചും പാറ്റ എല്ലാവരുടെയും സ്നേഹബഹുമാനങ്ങള്‍ നേടി.
കന്നി മാസംവിളവെടുപ്പ് ഉല്‍സവമാണ് പ്രദേശത്തുകാര്‍ക്ക്. ഓണവും കൊയ്ത്തും അടുത്തടുത്താണ്. നെല്ല് മൂരാന്‍ പത്തുപതിനഞ്ച് പെണ്ണുങ്ങളുണ്ടാവും. അതിനൊക്കെ പാറ്റ നേതൃത്വപരമായി മുന്നിലുണ്ടാവും. നെല്ല് മൂര്‍ന്ന് കൊണ്ടുവരുന്നതിന് മുമ്പേ മുറ്റത്തെ കളം ശരിയാക്കണം. ആണ്ടിയുടെ വീട്ടുമുത്ത് വലിയകളമുണ്ടാക്കും. നാലഞ്ചു പുരുഷന്മാര്‍ വന്ന് നിലംകിളച്ച് ഒരുക്കി തുമ്പോട്ടി ഉപയോഗിച്ച് തച്ച് നിരപ്പാക്കും. പ്രദേശത്തെ എല്ലാ വീടുകളില്‍ നിന്നും നിലം തല്ലുന്ന ശബ്ദം കേള്‍ക്കാം. കളത്തിന് തുമ്പ് നിര്‍മ്മിക്കണം. അതും കഴിഞ്ഞ് ചാണകം തേച്ച് മിനുക്കണം. ഒരാഴ്ചത്തെ പണി ഇതിന് വേണ്ടിവരും. പെണ്ണുങ്ങള്‍ കറ്റക്കെട്ട് ചുമടായി കൊണ്ടുവന്ന് കളത്തിലിടും. തുടര്‍ന്ന് ആണ്ടി കറ്റ എണ്ണും. പത്ത് കറ്റക്ക് ഒരു പതക്കറ്റ മൂര്‍ന്ന് കൊണ്ടുവന്ന പെണ്ണുങ്ങള്‍ക്ക് കൂലിയായി കൊടുക്കും. പാറ്റയും ആണ്ടിയും അയല്‍പക്കക്കാര്‍ക്ക് എന്തെങ്കിലും നല്‍കുന്നതില്‍ സന്തോഷിക്കുന്നവരാണ്. നെല്ല് കൊയ്ത്തു കഴിഞ്ഞ് മൂര്‍ന്ന പെണ്ണുങ്ങള്‍ക്ക് പതക്കറ്റ കൊടുത്തു കഴിഞ്ഞാല്‍ ‘തലപ്പല്ലി’ വാങ്ങാന്‍ അയല്‍പക്കത്തുള്ള കുട്ടികളെല്ലാം ഓടി വരും. ഉടുത്ത മുണ്ടിന്റെ മട്ടത്തിലാണ് തലപ്പല്ലി വാങ്ങുക. പാറ്റയും ആണ്ടിയും കുട്ടികളെ സന്തോഷിപ്പിച്ച് വിടും.
1957നു മുമ്പ് ഭൂമിയില്‍ അധ്വാനിക്കുന്നവര്‍ക്കല്ല അതിന്റെ ജന്മാവകാശം. അവര്‍ കുടിയാന്മാര്‍ മാത്രമാണ്. ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാം അധ്വനിച്ചുണ്ടാക്കാം എങ്കിലും ജന്മി വേറൊരു വ്യക്തിയാണ്. അക്കാലത്തെ നിയമ പ്രകാരം നാല് കൊല്ലത്തിലൊരിക്കല്‍ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമെല്ലാം ജന്മിക്കുള്ളതാണ്. ആണ്ടി മൂസോര്‍ ഈ യജമാനത്തിന് എതിരായിരുന്നു. നാല് വര്‍ഷവും അധ്വാനിച്ച് അതില്‍ നിന്നുള്ള വിളവെടുത്തു ജീവിച്ചു. അഞ്ചാമത്തെ വര്‍ഷം ഭൂമിയിലെ വിളവ് മുഴുവനും ജന്മിയുടെ ഭവനത്തില്‍ എത്തിക്കണം. രോഷവും തീരാപകയും ഈ വ്യവസ്ഥയോട് ഉണ്ടെങ്കിലും അതിന് വിധേയമായി ജീവിച്ചില്ലെങ്കില്‍ കേസും കോടതിയുമായി കഴിയേണ്ടിവരും. താന്‍ നയിച്ചുണ്ടാക്കിയതെല്ലാം ഒരു തുള്ളി വിയര്‍പ്പൊഴുക്കാത്ത ജന്മിക്ക് കൊടുക്കുകയും താനും തന്റെ കുടുംബവും പട്ടിണി കിടക്കേണ്ട അവസ്ഥയും ദുസ്സഹമായിരുന്നു. ഇതിനൊരു മാറ്റം വരണമെന്ന് ആണ്ടി മൂസോര്‍ ആഗ്രഹിച്ചു. കാലം മാറുമ്പോള്‍ അതൊക്കെ മാറുമെന്ന് അദ്ദേഹം സമാധാനിച്ചു. ഇത് പോലെ നെല്‍കൃഷിയുടെ കാര്യത്തിലും ജന്മിക്ക് വാരം അളക്കണം. പത്ത് പറ നെല്ല് വിളവ് കിട്ടിയാല്‍ ഒരു പറ നെല്ല് ജന്മിക്കാണ്. വെയിലും മഴയും മഞ്ഞും വക വെക്കാതെ ചോരനീരാക്കി അധ്വാനിച്ചവന്‍ സുഖിച്ച് കിടന്നുറങ്ങുന്ന ജന്മിക്ക് വാരം കൊടുക്കുന്നതിലും ആണ്ടിക്ക് അമര്‍ഷമുണ്ട്.
നാളുകള്‍ കടന്നുപോയ്ക്കൊണ്ടിരിക്കേ പാറ്റക്ക് വിശേഷമുണ്ടായി. ഏഴാം മാസത്തില്‍ സ്വന്തം വീട്ടിലേക്ക് ഗര്‍ഭിണിയെ കൂട്ടി കൊണ്ടുപോകും. അവിടെ വെച്ച് കളമ്പാട്ട് കഴിക്കണം. കളമൊരുക്കണം. പന്തലില്‍ നാല് വിളക്ക് തൂക്കണം. മൂന്ന് കണിശന്മാരാണ് കളമ്പാട്ട് പാടുക. അതിന് ശേഷം കൂടിയവര്‍ക്കെല്ലാം സമൃദ്ധമായ ഭക്ഷണം കൊടുക്കണം. ഈ നാട്ടുനടപ്പിലും ആണ്ടിക്ക് ഇഷ്ടമില്ലായിരുന്നു. എങ്കിലും വീട്ടുകാരെ വെറുപ്പിക്കാതിരിക്കാന്‍ അതില്‍ പങ്കാളിയായി.
ആണ്ടി-പാറ്റ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറഞ്ഞു. കന്നി പ്രസവത്തില്‍ ഒരാണ്‍കുട്ടിയെ കിട്ടിയതില്‍ രണ്ടു പേരും സന്തോഷിച്ചു. പ്രസവശുശ്രൂഷയൊക്കെ കൃത്യമായി ചെയ്തു. അന്ന് നാടന്‍ മലിമാരാണ് പ്രസവ ശുശ്രൂഷ നടത്തുക. ആശുപത്രിയും ഡോക്ടര്‍മാരും സാധാരണമല്ലാത്ത കാലം. പ്രസവത്തില്‍ മരണം സംഭവിക്കുക സാധാരണമായിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ കുഞ്ഞ് മരിച്ചു പോവുന്ന അവസ്ഥയും നിരവധിയായിരുന്നു. പക്ഷേ പാറ്റയുടെ പ്രസവത്തിന് അത്തരം പ്രശ്നമുണ്ടായില്ല. കഠിനാധ്വാനിയാണ് പാറ്റ. ഗര്‍ഭാവസ്ഥയിലും വിശ്രമിക്കാതെ അധ്വാനിച്ചിരുന്നു. അതിന്റെ ഫലമായിട്ടായിരിക്കാം പ്രസവം വളരെ എളുപ്പത്തില്‍ നടന്നു. നാല്‍പത് ദിവസം കുളിയും നല്ല ഭക്ഷണവും നാടന്‍ മരുന്നുകളും കൊണ്ട് പൂര്‍വ്വാധികം സുന്ദരിയായിട്ടാണ് പാറ്റ കുട്ടിയുമായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
K Raman Vadakeveetil

Sir
What a beautiful presentation. My father and mother also a victim of this “Janmi system”.

Your style of presentation of the subject is well appreciated.

RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page