മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും ഭര്‍തൃമതിയുടെയും കുളിസീന്‍ പകര്‍ത്തിയ കേസിലെ പ്രതിയെ അഞ്ചുവര്‍ഷത്തെ തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മംഗ്‌ളൂരു, തോട്ട, ബെങ്കരെ സ്വദേശി റംഷീദിനെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (പോക്‌സോ) ശിക്ഷിച്ചത്. 2024 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തങ്ങളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിവരം ഇരുവരും അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം റംഷീദ് സമാനലക്ഷ്യത്തോടെ മറ്റൊരു വീട്ടിലെത്തി. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ റംഷീദ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ മൊബൈല്‍ കൈയില്‍ നിന്നു താഴെ വീണു. ഫോണ്‍ പരിശോധിച്ച് വീട്ടുകാര്‍ യുവാവിന്റെ വീട് കണ്ടെത്തി. റംഷീദിന്റെ സഹായത്തോടെ ഫോണ്‍ ലോക്ക് നീക്കി തുറന്നു നോക്കിയപ്പോഴാണ് കുളിസീന്‍ കണ്ടത്. തുടര്‍ന്ന് പനമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. എസ്.ഐ രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
