-പി പി ചെറിയാന്‍
ഡാളസ്: ബുധനാഴ്ച മക്കിന്നി അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നോര്‍ത്ത് മക്‌ഡൊണാള്‍ഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് രാത്രി എട്ടു മണി കഴിഞ്ഞു വെടിവെപ്പുണ്ടായത്.
കോംപ്ലക്സില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡോഡ്ജ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരന്റെ അടുത്തേക്ക് ഒരാള്‍ വരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഡോഡ്ജ് ട്രക്കിന്റെ ഡ്രൈവര്‍ തന്റെ പരിക്കേറ്റ യാത്രക്കാരനായ 20 കാരനായ പ്രിന്‍സ്റ്റണിനെ മെഡിക്കല്‍ സിറ്റി മക്കിന്നിയിലേക്ക് കൊണ്ടുപോയി. ട്രക്കിനെ സമീപിച്ച 19 കാരനായ മക്കിന്നിയെ ഇ.എം.എസ് പ്രവര്‍ത്തകര്‍ മക്കിന്നിമെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രഥമശുശ്രൂഷ നല്‍കി.
പരിക്കേറ്റ രണ്ടുപേരും പിന്നീട് മരിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹോസ്പിറ്റലില്‍ നിന്നിരുന്ന മക്കിന്നി ഓഫീസര്‍ പിക്കപ്പ് ആശുപത്രി വിടുന്നത് തിരിച്ചറിയുകയും ഡ്രൈവറെ പിന്തുടരുകയും ചെയ്തു. ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും വിസമ്മതിച്ചു. ഡ്രൈവര്‍ ട്രക്ക് ഉപേക്ഷിച്ച് കാല്‍നടയായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടിച്ചു.
പിക്കപ്പിന്റെ 21 കാരനായ ഡ്രൈവര്‍ ക്രിസ്റ്റഫര്‍ പെരസ് ആശുപത്രിയില്‍ ഉണ്ടായിരുന്ന 18കാരന്‍ ജോസ് മെജിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും കോളിന്‍ കൗണ്ടി ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു.