16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയില്‍ വിലക്ക് വരുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരുമെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ല. കുട്ടികള്‍ സോഷ്യല്‍ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായിരിക്കും. ഇക്കാര്യത്തില്‍ ഒരിക്കലും രക്ഷിതാക്കളോ കുട്ടികളോ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധി പരാമര്‍ശിച്ചു കൊണ്ടാണ് ആന്റണി ആല്‍ബനീസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ പ്രായപരിധി കൊണ്ടുവരേണ്ടി വരും.